ദോഹ: മേയ് മധ്യത്തിൽ ഖത്തർ ആതിഥ്യം വഹിക്കുന്ന ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് പോരാട്ടത്തിൽ മാറ്റുരക്കാനെത്തുന്നത് ലോകതാരങ്ങളുടെ നിര. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകളിലെ മെഡൽ ജേതാക്കൾ വിവിധ ഇനങ്ങളിലായി ട്രാക്കിലും ഫീൽഡിലുമായി കളത്തിലിറങ്ങും. ഇന്ത്യയുടെ ഒളിമ്പിക്സ്-ലോകചാമ്പ്യൻ ജാവലിൻ താരം നീരജ് ചോപ്ര, ഖത്തറിന്റെ ഒളിമ്പിക്സ്-ലോകജേതാവ് മുഅ്തസ്സ് ബർശിം, 200 മീറ്ററിലെ ഒളിമ്പിക്സ് മെഡൽ ജേതാവ് ബൊട്സ്വാനയുടെ ലെറ്റ്സിൽ തെബോഗോ, ഹൈജംപ് ഒളിമ്പിക്സ് ചാമ്പ്യൻ ഹാമിഷ് കെർ എന്നിവർ ഖത്തറിലെ പങ്കാളിത്തം ഉറപ്പാക്കിയതിനു പിന്നാലെ മറ്റു താരങ്ങളുടെയും സാന്നിധ്യം സ്ഥിരീകരിച്ചു.
പാരിസ് ഒളിമ്പിക്സിൽ പോൾവോൾട്ടിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ അമേരിക്കയുടെ കാത്തി മൂൺ, കാനഡയുടെ അലിഷ ന്യൂമാൻ എന്നിവരും മേയ് 16ലെ ദോഹ ഡയമണ്ട് ലീഗിൽ നേർക്കുനേർ ഏറ്റുമുട്ടും.
യൂജിൻ 2022, ബുഡാപെസ്റ്റ് 2023 മീറ്റുകളിൽ ലോക ചാമ്പ്യനായ മൂൺ ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്നു. 2022ലും 2024ലും ലോക ഇൻഡോർ മീറ്റിൽ യഥാക്രമം വെള്ളി, വെങ്കലം നേടിയ മൂൺ 2023ൽ ഡയമണ്ട് ലീഗ് ചാമ്പ്യനായി കിരീടമുയർത്തുകയും ചെയ്തു.
2018ലെ കോമൺവെൽത്ത് ചാമ്പ്യനായ ന്യൂമാൻ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്താണ് പാരിസിൽ മൂന്നാമതെത്തിയത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലുള്ള ന്യൂമാൻ ദോഹ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സീസൺ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. മൂണിനും ന്യൂമാനുമൊപ്പം കഴിഞ്ഞ വർഷത്തെ ദോഹ മീറ്റിൽ ഒന്നാമതെത്തിയ ബ്രിട്ടീഷ് റെക്കോഡ് സ്ഥാപിച്ച മോളി കഡൗറി ഇത്തവണയും മീറ്റിനെത്തും. 2016ലെ ഒളിമ്പിക് വെങ്കല മെഡൽ ജേതാവും 2024ലെ ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പുമായ ന്യൂസിലൻഡ് താരം എലിസ മക്കാർട്ട്നി, 2016ലെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവായ അമേരിക്കയുടെ സാൻഡി മോറിസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഈ വർഷം ദോഹയിലെത്തും. ഇതോടെ ദോഹ ഡയമണ്ട് ലീഗിലെ വാശിയേറിയ മത്സരങ്ങളിലൊന്നായി പോൾവാൾട്ട് മാറുമെന്നുറപ്പ്. ഫെബ്രുവരിയിൽ അഞ്ചാമത്തെ യു.എസ് ഇൻഡോർ കിരീടം നേടുകയും ശൈത്യകാലത്ത് എല്ലാ മീറ്റുകളിലും 4.80 മീറ്ററിന് മുകളിൽ ചാടുകയും ചെയ്ത താരമാണ് കാത്തി മൂൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.