ഔഖാഫ് ജനറല്‍ എന്‍ഡോവ്മെൻറ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ആൽഥാനി, ഹമദിെൻറ സ്പെഷലൈസ്ഡ് ഹോസ്പിറ്റല്‍സ് ഗ്രൂപ് മേധാവി അലി അബ്ദുല്‍
ഖാദിര്‍ അല്‍ ജെനാഹി എന്നിവർ കരാറിൽ ഒപ്പിട്ടപ്പോൾ
ദോഹ: അർഹരായ ആളുകൾക്ക് കോക്ലിയര്‍ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിക്കൊടുക്കാനും ശ്രവണസഹായികൾ നൽകാനും ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി കരാര്‍ ഒപ്പുവെച്ചു. ഹമദിലെ കോക്ലിയര്‍ ഇംപ്ലാൻറ് ശസ്ത്രക്രിയ പദ്ധതികള്‍ക്ക് പിന്തുണ നൽകുകയാണ് ഔഖാഫ് ചെയ്യുക. നിര്‍ധനര്‍ക്ക് ശ്രവണ സഹായികളും കോക്ലിയര്‍ ഇംപ്ലാൻറിനുള്ള സഹായങ്ങളും ഔഖാഫ് മന്ത്രാലയം തങ്ങളുടെ എന്‍ഡോവ്മെൻറ് ഫണ്ടില്‍നിന്നും നൽകും.
ഒൗഖാഫ് മന്ത്രാലയത്തിലെ എന്‍ഡോവ്മെൻറ് വിഭാഗം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ എന്‍ഡോവ്മെൻറ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ആൽഥാനി, സ്പെഷലൈസ്ഡ് ഹോസ്പിറ്റല്‍സ് ഗ്രൂപ് മേധാവി അലി അബ്ദുല്‍ ഖാദിര്‍ അല്‍ ജെനാഹി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഗസ്സയിലെയും കിര്ഗിസ്താനിലെയും കുട്ടികൾക്കാണ് പ്രധാനമായും പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
കരാര്‍ പ്രകാരം ഈ വര്‍ഷം 80 കോക്ലിയാര്‍ ഇംപ്ലാൻറ് ശസ്ത്രക്രിയകള്‍ക്കാണ് സഹായം ലഭ്യമാക്കുക. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി മൂന്നുവര്‍ഷത്തെ കരാറാണ് ഔഖാഫ് മന്ത്രാലയം ശസ്ത്രക്രിയകള്‍ നിര്‍വഹിക്കാനായി ഒപ്പുവെച്ചത്. ഈ കാലയളവില്‍ മുന്നൂറോളം ശസ്ത്രക്രിയകള്‍ ആവശ്യക്കാര്‍ക്ക് നിര്‍വഹിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ആൽഥാനി പറഞ്ഞു. വിദേശത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനറല്‍ എന്‍ഡോവ്മെൻറ് വകുപ്പിെൻറ പദ്ധതികളുടെ ഭാഗമായാണ് കോക്ലിയര്‍ ഇംപ്ലാൻറ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ വൃക്ക സംബന്ധമായ അസുഖങ്ങളും അവയവമാറ്റ ശസ്ത്രക്രിയകളും നടത്തിയ നിര്‍ധനര്‍ക്കും മന്ത്രാലയം സഹായം നൽകുന്നുണ്ട്.
ഔഖാഫ് മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും തമ്മിലുള്ള സഹകരണം തുടരുമെന്ന് ഹമദിെൻറ ഇ.എൻ.ടി വിഭാഗം മേധാവിയും കോക്ലിയര്‍ ഇംപ്ലാൻറുകള്ക്കായുള്ള ഖത്തരി പ്രോഗ്രാം മേധാവിയുമായ ഡോ. അബ്ദുസ്സലാം അല്‍ ഖഹ്താനി പറഞ്ഞു. ഗസ്സയില്‍ കേള്‍വിക്കുറവുള്ള നിര്‍ധനരായ കുട്ടിയകളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ, കിര്‍ഗിസ്ഥാനിലെ ബന്ധപ്പെട്ടവരുമായി സഹകരിച്ച് പദ്ധതി അവിടെയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് ഗസ്സയില്‍ പദ്ധതി ആരംഭിച്ചത്. കേള്‍വിശക്തി നഷ്ടപ്പെട്ട 190 പേര്‍ക്കാണ് കോക്ലിയര്‍ ഇംപ്ലാൻറ് ശസ്ത്രക്രിയയുടെ പ്രയോജനം ലഭിച്ചതെന്ന് ഡോ. അല്‍ ഖഹ്താനി പറഞ്ഞു.
ഗസ്സയില്‍ 1000 കുട്ടികളും കിര്‍ഗിസ്താനില്‍ 250 കുട്ടികളുമാണ് കോക്ലിയര്‍ ഇംപ്ലാൻറ് ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്. ഖത്തറില്‍ കോക്ലിയര്‍ ഇംപ്ലാൻറ് ശസ്ത്രക്രിയയുടെ വിജയം 100 ശതമാനമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഓഡിയോളജി ആൻഡ് ബാലന്‍സ് യൂനിറ്റ് ഡയറക്ടര്‍ ഡോ. ഖാലിദ് അബ്ദുല്‍ ഹാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.