വീണ്ടും മാസ്കിലേക്ക്

ഖത്തർ: ഇടവേളക്കുശേഷം ഖത്തറിലെ ജീവിതം വീണ്ടും മാസ്കിന്‍റെ വലയത്തിലേക്ക്. കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ രാജ്യത്ത് മാസ്ക് നിർബന്ധമാക്കി ഖത്തർ മന്ത്രിസഭ യോഗം തീരുമാനം. പ്രതിദിന ശരാശരി 599 ലെത്തിയതായി തിങ്കളാഴ്ച റിപ്പോർട്ട് പുറത്തു വന്നതിനുപിന്നാലെ, ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

നിർദേശം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം, കടകൾ, ഷോപ്പിങ് മാളുകൾ, പള്ളികൾ ഉൾപ്പെടെ പൊതുജനങ്ങൾ കൂടുന്ന എല്ലാ ഇൻഡോർ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായി മാറും. കഴിഞ്ഞ മേയ് 18നായിരുന്നു രോഗ തീവ്രത കുറഞ്ഞത് കണക്കിലെടുത്ത് എല്ലായിടത്തും മാസ്കിൽ ഇളവു നൽകിക്കൊണ്ട് മന്ത്രിസഭ തീരുമാനിച്ചത്. ഈ ഇളവിൽ ഭേദഗതിവരുത്തിയാണ് അടച്ചിട്ട പൊതു ഇടങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങുന്നത്.

മേയ് 21ന് ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാത്രമായിരുന്നു മാസ്ക് നിർബന്ധമായിരുന്നത്.എന്നാൽ, പുതിയ ഭേദഗതി പ്രകാരം കാര്യങ്ങൾ പഴയപടിയാവും.

ഇളവുകൾ നിലനിന്ന സാഹചര്യത്തിൽ മാളുകളിലും കടകളിലുമുള്ള പരിശോധനയും കുറഞ്ഞിരുന്നു. എന്നാൽ, മാറ്റം വരുന്നതോടെ പരിശോധനയും സജീവമാവും. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുന്നത്. 

Tags:    
News Summary - Back to the mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.