ദോഹ അന്താരാഷ്ട്ര പുസ്തക മേള പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ അക്ഷരപ്രേമികൾക്ക് വീണ്ടുമൊരു വായനയുടെ പൂക്കാലം സമ്മാനിച്ച് 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഡി.ഇ.സി.സിയിൽ തുടക്കമായി. മേയ് 17 വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി നിർവഹിച്ചു. ‘കൊത്തു പണി മുതൽ എഴുത്ത് വരെ’ എന്ന തലക്കെട്ടുമായി ആരംഭിച്ച അന്താരാഷ്ട്ര പുസ്തക മേളയിൽ 43 രാജ്യങ്ങളിൽ നിന്നുള്ള 522 പ്രസാധകരാണ് പങ്കെടുക്കുന്നത്. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിനു പിന്നാലെ പ്രധാനമന്ത്രി പുസ്തക പവിലിയനുകൾ സന്ദർശിച്ചു. ഖത്തരി, അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ, രചനകൾ, സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള വിവിധ പ്രസിദ്ധീകരണങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പവിലിയനുകൾ എന്നിവ മന്ത്രി സന്ദർശിച്ചു.
ദോഹ പുസ്തകമേളയുടെ ഉദ്ഘാടന ശേഷം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പവിലിയനുകൾ സന്ദർശിക്കുന്നു
ഇത്തവണത്തെ പുസ്തകമേളയുടെ അതിഥി രാജ്യമായ ഫലസ്തീനിൽ നിന്നും 11 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. പ്രത്യേക പവിലിയൻ തന്നെ ഫലസ്തീൻ പ്രസാധകർക്കായി സജ്ജമാക്കി. 166000ത്തോളം വിവിധ വൈവിധ്യങ്ങളിലെ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ സവിശേഷത. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, നയതന്ത്ര സ്ഥാപനങ്ങൾ എന്നിവയും അണിനിരക്കും. പത്തു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പുസ്തക മേളയോടനുബന്ധിച്ച് സാംസ്കാരിക, കലാ പരിപാടികൾ, സെമിനാർ, പ്രഭാഷണങ്ങൾ, ശിൽപശാല എന്നിവയും അരങ്ങേറും. പ്രാദേശിക, അന്താരാഷ്ട്ര പ്രസാധകർ, ബാലസാഹിത്യ പ്രസാധകർ, ക്രിയേറ്റിവ് റൈറ്റർ, യുവ ഖത്തരി എഴുത്തുകാരൻ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ സമ്മാനിക്കും.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഐ.പി.എച്ച് പവലിയൻ
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ ദോഹ മാഗസിൻ പ്രധാനമന്ത്രി പ്രകാശനം നിർവഹിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പുസ്തകമേളയിലേക്ക് പ്രവേശനം. വെള്ളിയാഴ്ച ഉച്ച മൂന്ന് മുതൽ രാത്രി 10 വരെയും പ്രവേശനം നൽകും. മലയാളത്തിന്റെ സാന്നിധ്യമായി ഐ.പി.എച്ച് പവിലിയനും ഉദ്ഘാടന ദിനത്തിൽ പുസ്തക മേളയിൽ ആരംഭിച്ചു. ദോഹ ബുക്ക് ഫെയറിലെ ഹാൾ നമ്പർ മൂന്നിൽ പവിലിയൻ നമ്പർ 58ലാണ് ഐ.പി.എച്ച് സ്റ്റാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.