കുവൈത്ത് സിറ്റി: വിദേശികള്‍ക്കുള്ള നിര്‍ദ്ദിഷ്ട റസിഡന്‍സി കാര്‍ഡ് പദ്ധതി വൈകാതെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ മഅ്റഫി. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നിയമപരമായ അംഗീകാരത്തിനായി പദ്ധതി നിയമവകുപ്പിന് വിട്ടിരിക്കുകയാണ്. അംഗീകാരം ലഭിച്ചതിനുശേഷം നടപ്പിലാക്കുന്നതിന്‍െറ മുന്നോടിയായി മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്- പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഹിന് അയക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തന്നെ വിദേശികള്‍ക്ക് പുതിയ റസിഡന്‍ഷ്യല്‍ കാര്‍ഡ് അനുവദിച്ചു തുടങ്ങാന്‍ സാധിക്കുമെന്നും തലാല്‍ മഅ്റഫി പറഞ്ഞു. സ്പോണ്‍സറുമായും തൊഴിലാളിയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും പുറമെ പാസ്പോര്‍ട്ടില്‍ കൊടുത്ത വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രത്യേക കാര്‍ഡാണിത്. വിദേശിയെ സംബന്ധിച്ച് സിവില്‍ ഐഡിയിലും പാസ്പോര്‍ട്ടിലുമുള്ള വിവരങ്ങള്‍ ഒന്നിച്ച് ഒരു കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തിലാണ് വിദേശികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) പതിച്ചുനല്‍കുന്നത്. ഇതിനുപകരം പ്രത്യേക റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കുന്നതാണ് പരിഗണിക്കുന്നത്. സിവില്‍ഐഡി കാര്‍ഡ് പോലെ പുതുക്കാന്‍ കഴിയുന്നതായിരിക്കും ഇത്.
സംവിധാനം നടപ്പാക്കിത്തുടങ്ങിയാല്‍ പാസ്പോര്‍ട്ട് പേജുകളില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്ന രീതി അവസാനിപ്പിക്കും. റെസിഡന്‍സി കാര്‍ഡ് സംവിധാനം വരുന്നതോടെ തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചുവെക്കുന്നത് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് താമസകാര്യവകുപ്പിന്‍െറ കണക്കുകൂട്ടല്‍. രാജ്യത്തുനിന്ന് പുറത്തുപോവുന്നതിനും തിരിച്ചുവരുന്നതിനും വിമാനത്താവളങ്ങളിലും മറ്റു അതിര്‍ത്തികളിലും പാസ്പോര്‍ട്ടിനൊപ്പം റെസിഡന്‍സി കാര്‍ഡും കാണിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.