ദോഹ: മിസൈമീറില്‍ തൊഴിലാളികളുടെ ആരോഗ്യകേന്ദ്രവും മെഡിക്കല്‍ കമ്മീഷന്‍ യൂനിറ്റും ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യകേന്ദ്രത്തില്‍ പ്രതിമാസം 32,000ഉം മെഡിക്കല്‍ കമീഷനില്‍ 11,000 കേസുകളും പരിശോധിക്കുന്നതിനുള്ള സകര്യങ്ങളുണ്ട്. മെഡിക്കല്‍ കമ്മീഷന്‍െറ സഹകരണത്തോടെയും അംഗീകാരത്തോടെയും ഖത്തര്‍ റെഡ്ക്രസന്‍റാണ് കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രാജ്യത്തെ മുഴുവനാളുകള്‍ക്കും ഉന്നതമായ ആരോഗ്യ പരിരക്ഷയാണ് നല്‍കുന്നതെന്നും തൊഴിലാളികള്‍ ഏറ്റവും മുന്തിയ ആരോഗ്യപരിരക്ഷയാണ് അര്‍ഹിക്കുന്നതെന്നും ആരോഗ്യമന്ത്രി ഡോ. ഹനാന്‍ കുവാരി പറഞ്ഞു. രാജ്യത്തെ തൊഴിലാളികള്‍ക്കായി ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നാണിത്. ഭാവിയില്‍ തൊഴിലാളികള്‍ക്കായി നാല് ആരോഗ്യ കേന്ദ്രങ്ങളും മൂന്ന് അത്യാധുനിക സൗകര്യത്തോടെയുള്ള ആശുപത്രികളും സജ്ജമാക്കും. ഇത് കൂടാതെ മറ്റൊരു മെഡിക്കല്‍ കമീഷന്‍ യൂനിറ്റും ആരോഗ്യമന്ത്രാലയം തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികള്‍ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആരോഗ്യകേന്ദ്രമാണിതെന്ന് ഖത്തര്‍ റെഡ്ക്രസന്‍റ് ഭരണസമിതിയംഗം ഡോ. അബ്ദുസലാം അല്‍ ഖഹ്താനി പറഞ്ഞു. ആരോഗ്യകേന്ദ്രവും മെഡിക്കല്‍ കമ്മീഷന്‍ യൂനിറ്റും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ആരോഗ്യരംഗത്ത് വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതികളിലുള്‍പ്പെട്ടതാണിത്. രാജ്യത്തെ തൊഴിലാളികള്‍ക്കായി ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷയും പരിഗണനയും നല്‍കുന്നതിന്‍െറ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 ജനറല്‍ മെഡിസിന്‍ വിഭാഗവും ലേബര്‍ മെഡിസിന്‍, ഇ.എന്‍.ടി വിഭാഗം, ആന്തരികരോഗ വിഭാഗം, ത്വക്രോഗ വിഭാഗം, നെഞ്ച് രോഗം, ഹൃദ്രോഗം തുടങ്ങി സ്പെഷ്യല്‍ പരിശോധന കേന്ദ്രങ്ങളും ഇവിടെ സജ്ജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ലാബും എക്സ് റേ, അഡ്മിനിസ്ട്രേഷന്‍ ഓഫീസ്, സ്വീകരണ ഹാള്‍ തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് മെഡിക്കല്‍ കമ്മീഷന്‍ യൂനിറ്റില്‍ സജ്ജീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.