ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ 18 മാസത്തിനുള്ളില്‍ 1120 കിടക്കകളുള്ള ഏഴ് ആശുപത്രികള്‍ തുറക്കും. 2017 ഡിസംബറിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളും സാങ്കേതികസംവിധാനങ്ങളുമായി ഏഴ് ആശുപത്രികളും സജ്ജമാകുമെന്ന് എച്ച്.എം.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഒരു മാസം അറുപത് പുതിയ കിടക്കകള്‍ എന്ന നിലയില്‍ 2017 ഡിസംബറാകുമ്പോഴേക്കും ഏഴു ആശുപത്രികളിലായി പുതിയതായി 1120 കിടക്കകള്‍ കൂടി സജ്ജമാകും. വനിതകളുടെ ആരോഗ്യസൗകര്യങ്ങള്‍ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ആശുപത്രി, മേഖലയിലെതന്നെ ആദ്യ സ്പെഷ്യാലിറ്റി ആംബുലേറ്ററി കെയര്‍ സെന്‍റര്‍ എന്നിവ ഉള്‍പ്പടെയാണ് ഏഴ് ആശുപത്രികളുടെ നിര്‍മാണം പുരോഗമിക്കുന്നത്.
പകര്‍ച്ചവ്യാധികള്‍ക്കെതിരായ ഗവേഷണം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ ഉറപ്പാക്കുന്ന, 65 കിടക്കകളുള്ള പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രമാണ് ആശുപത്രികളിലൊന്ന്. വനിതകള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിനായി വുമണ്‍സ് വെല്‍നെസ്സ് ആന്‍റ് റിസര്‍ച്ച് സെന്‍ററും തുറക്കും. പ്രതിവര്‍ഷം 15,000 ജനനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ കേന്ദ്രത്തിന് ശേഷിയുണ്ടാകും. 260 കിടക്കകള്‍ ഒരുക്കുന്ന ഇവിടെ നവജാതശിശുക്കളെ കൈകാര്യം ചെയ്യുന്നതിനായി 53 നിയോനാറ്റല്‍ ഇന്‍റന്‍സീവ് കെയര്‍ കോട്ട്സും 48 സ്റ്റെപ്പ് ഡൗണ്‍ കോട്ട്സും ഉണ്ടാകും. ഒൗട്ട്പേഷ്യന്‍റ് ക്ളിനിക്ക് സേവനങ്ങളാണ് പുതിയ ആംബുലേറ്ററി കെയര്‍ സെന്‍ററിലുണ്ടാകുക. 38,000 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 193 കിടക്കകളുണ്ടാകും. പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും സമഗ്രമായ റിഹാബിലിറ്റേഷന്‍ സേവനങ്ങള്‍ ഇവിടെ ഉറപ്പുവരുത്തും.
ഈ നാല് കേന്ദ്രങ്ങളും ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിക്കുള്ളിലും ചുറ്റുമായുമാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. മൂന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയ ആസ്പത്രികളും വരും മാസങ്ങളില്‍ തുറക്കും.
ദോഹ, അല്‍ഖോര്‍, മീസൈദ് ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലായി 112വീതം കിടക്കകളുള്ള മൂന്നു ആശുപത്രികളാണ് തുറക്കുക. പുതിയ ആശുപത്രികളുടെ പ്രവര്‍ത്തനം ഖത്തറിലെ ആരോഗ്യപരിചരണരംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ആശുപത്രികളിലെ തിരക്ക് കുറക്കാനും അവയുടെ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.