ദോഹ മെട്രോ ഗ്രീന്‍ലൈന്‍  തുരങ്കനിര്‍മാണം പൂര്‍ത്തിയായി

ദോഹ: ഒന്നര വര്‍ഷത്തെ തുടര്‍ച്ചയായ ഖനനത്തിനൊടുവില്‍ ദോഹ മെട്രോ ഗ്രീന്‍ലൈനിന്‍െറ തുരങ്കനിര്‍മാണം പൂര്‍ത്തീകരിച്ചു. ആറ് ടണല്‍ ബോറിങ് മെഷീനുകളാണ് (ടി.ബി.എമ്മുകള്‍) ഗ്രീന്‍ലൈന്‍ തുരങ്ക നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചിരുന്നത്.  2014 സെപ്തംബറില്‍ തുടങ്ങിയ തുരങ്കനിര്‍മാണം 14 മാസത്തെ തുടര്‍ച്ചയായ ദൗത്യത്തിനൊടുവില്‍, ടി.ബി.എം അല്‍ മെസ്സില എജുക്കേഷന്‍ സിറ്റി സ്റ്റേഷനില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 6176 മീറ്റര്‍ തുരങ്കനിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. 
പദ്ധതിയുടെ നിര്‍മാണത്തിലെ മറ്റൊരു പ്രധാന നാഴികകല്ലാണ് പിന്നിട്ടതെന്ന്  ഖത്തര്‍ റെയില്‍ സി.ഇ.ഒ ഡോ.സാദ് അല്‍ മുഹന്നദി പറഞ്ഞു. നിര്‍മാണത്തില്‍ നിന്ന് സംവിധാനത്തിലേക്കും വാസ്തുപരമായ ജോലികളിലേക്കും പ്രവേശിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍, അനുവദിച്ച ബജറ്റ് പ്രകാരമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടേയും അധ്വാനവും ആത്മാര്‍ഥമായ സഹകരണവും കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറച്ച് സമയത്തിനുള്ളില്‍  തുരങ്കനിര്‍മാണം പൂര്‍ത്തീകരിക്കാനായതായി ഗ്രീന്‍ലൈന്‍ പ്രോജക്ട് ഡയറക്ടര്‍ ജാസിം അല്‍ അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി. സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളും ഭൂമിക്കടിയിലെ തടസങ്ങളും വെല്ലുവിളികളും  പിന്നിട്ടാണ് തുരങ്കങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 
മുകളില്‍ ഒന്നും ഭൂമിക്കടിയിലായി പത്ത് സ്റ്റേഷനുകളുമുള്ള ഗ്രീന്‍ ലൈന്‍ പാതയുടെ നീളം 22 കിലോമീറ്ററാണ്. 19 കിലോമീറ്റര്‍ ഭൂമിക്കടിയിലും മൂന്ന് കിലോമീറ്റര്‍ മുകളിലുമായാണ് ഗ്രീന്‍ലൈന്‍ തുരങ്കപാത. ഓസ്ട്രിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പോര്‍ ഗ്രൂപ്പും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പും (എസ്.ബി.ജി) ഹമദ് ബിന്‍ ഖാലിദ് കണ്‍സ്ട്രക്ഷനും (എച്ച്.ബി.കെ) ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് തുരങ്കനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ഗ്രീന്‍ ലൈനില്‍ ഉള്‍പ്പെടുന്ന പത്ത് അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിര്‍മാണം 57ശതമാനം പൂര്‍ത്തിയായതായി ഖത്തര്‍ റെയില്‍ അറിയിച്ചു. അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നിന്ന് എജുക്കേഷന്‍ സിറ്റി, മുശൈരിബ് എന്നിവ വഴിയാണ് ഈ കിഴക്ക്പടിഞ്ഞാറ് പാത മന്‍സൂറയിലത്തെുന്നത്. കാര്‍ മുഖേന യാത്ര ചെയ്താല്‍ 54 മിനിട്ട് യാത്ര സമയമെടുക്കുമെങ്കില്‍ ദോഹ മെട്രോ ഓടിത്തുടങ്ങിയാല്‍ 24മിനിറ്റുള്ളില്‍ എത്താനാകും. 
ദോഹ മെട്രോയുടെ ആകെ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 87 ശതമാനം പൂര്‍ത്തിയായി. സെപ്തംബറോടെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ 77 ശതമാനമായിരുന്നു പൂര്‍ത്തീകരിച്ചത്. ദോഹമെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം 37ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 37 സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 
2019ല്‍ ദോഹ മെട്രോയൂടെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2019 അവസാന പാദത്തിലോ 2020 ആദ്യപാദത്തിലോ ഇതുവഴി ട്രെയിന്‍ ഓടിത്തുടങ്ങും. നിര്‍ദിഷ്ട ഷെഡ്യൂള്‍ പ്രകാരമാണ് മുന്നോട്ട് പോവുന്നതെങ്കിലും അവിചാരിതമായി വന്നേക്കാവുന്ന കാരണങ്ങള്‍ കൂടി പരിഗണിച്ചാണ് അധിക സമയം കണക്കാക്കുന്നത്. ആദ്യ ട്രെയിന്‍ 2017 മൂന്നാം പാദത്തില്‍ ഖത്തര്‍ റെയിലിന് ലഭിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.