മാനം കറുത്തു;  കര്‍ക്കിടകം പോലെ മഴ

ദോഹ: മലയാളികളെ കര്‍ക്കിടകപെയ്ത്ത് ഓര്‍മിപ്പിച്ച് സാമാന്യം ശക്തമായ നിലയില്‍ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും മഴ പെഴ്തു. ഇടിമിന്നലിന്‍െറ അകമ്പടിയോടെയാണ് ഇന്നലെ മഴ പെയ്തത്. രാവിലെ 6.30ഓടെ ആരംഭിച്ച മഴ ഏതാണ്ട് ഒരു മണിക്കുറോളം തുടര്‍ന്നു. പിന്നീട് ചെറിയ തോതിലുളള ചാറ്റല്‍ മഴയും തുടര്‍ന്നു. ഉച്ചയ്ക്കും സാമാന്യം നല്ല മഴ ലഭിച്ചു. രാവിലെ മുതല്‍ ദിവസം മുഴുവന്‍ ആകാശത്ത് മേഘങ്ങള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച മുതല്‍ തന്നെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും ആലിപ്പഴം വര്‍ഷവുമുണ്ടായി. മഴ പെയ്തതോട പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. വെളളം നീക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തുന്നുണ്ട്. പല റോഡുകളിലും നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡുകളും മറ്റും റോഡിലേക്ക് വീണത് ചെറിയ തോതിലുളള ഗതാഗത തടസവും സൃഷ്ടിച്ചു. 
മഴയെ തുടര്‍ന്ന് ചില വാഹനങ്ങള്‍ റോഡില്‍ ഓഫായതും ഗതാഗത തടസത്തിന് കാരണമായി. കാര്യമായ റോഡ് അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡുകളില്‍ വലിയ വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പല റോഡുകളിലും ചളിക്കുണ്ടുകളായി മാറി. മഴയത്തെുടര്‍ന്ന് ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുളള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഏതാണ്ട് 11 മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ചില വിദ്യാലയങ്ങള്‍ പൂര്‍ണമായി അവധി നല്‍കി. മഴയെ തുടര്‍ന്ന് ദീര്‍ഘദൂര കാഴ്ച്ച കുറവായിരിക്കുമെന്നും വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഖത്തര്‍ ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. മഴയെ തുടര്‍ന്ന് പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ വലിയ പ്രയാസമാണനുഭവിക്കുന്നത്. പല കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുന്നുണ്ട്. വില്ലകളുടെ മുറ്റങ്ങളിലും മറ്റും വെളളം കെട്ടിനില്‍ക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മഴ ഒരു ദിവസം കൂടി തുടരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഈ വര്‍ഷം പല തവണയായി രാജ്യത്ത് പതിവില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.