തസ്വീഖ് ഖത്തര്‍ പെട്രോളിയത്തില്‍ ലയിപ്പിക്കും

ദോഹ: ഖത്തര്‍ ഇന്‍റര്‍നാഷണല്‍ പെട്രോളിയം മാര്‍ക്കറ്റിങ് കമ്പനിയെ (തസ്വീഖ്) ഖത്തര്‍ പെട്രോളിയത്തില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു. ലയനം സാധ്യമാകുന്നതോടെ എണ്ണ, പ്രകൃതി വാതക മേഖലയില്‍ മികച്ച ഉല്‍പന്നങ്ങളുടെ വിപണി ഉറപ്പിക്കാനാകുമെന്നാണ് ഖത്തര്‍ പെട്രോളിയം പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദേശീയ എണ്ണ കമ്പനിയായി മാറുന്നതിന്‍െറ ഭാഗമായാണ് പുതിയ നീക്കമെന്ന് ഖത്തര്‍ പെട്രോളിയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ തസ്വീഖിന്‍െറ ജീവനക്കാരും ആസ്തിയും ഇടപാടുകാരും ഖത്തര്‍ പെട്രോളിയത്തിന്‍െറ ഭാഗമാകും. രാജ്യാന്തര ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകവും ഏറ്റവും മികച്ചതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ ലയനം സഹായിക്കുമെന്നാണ് കരുതുന്നത്. 
മികച്ച ഉല്‍പന്നങ്ങള്‍ രാജ്യാന്തര വിപണിയില്‍ എത്തിക്കുന്നതിന് ലയനം സഹായകമാകുമെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റും സി.ഇ.ഒ.യുമായി സാദ് ഷെരീദ അല്‍ കഅബി പറഞ്ഞു. കൂടുതല്‍ ആവശ്യകതയും മത്സരക്ഷമതയുമുള്ള വിപണിസാഹചര്യങ്ങളില്‍ ഖത്തര്‍ പെട്രോളിയത്തിന്‍െറ ശേഷി വര്‍ധിപ്പിക്കുന്നതിനും സമഗ്രവും സംയോജിതവുമായ സേവനങ്ങളും ഉല്‍പന്നങ്ങളും രാജ്യാന്തര വിപണിയില്‍ ഉറപ്പാക്കുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ തസ്വീഖ് ജീവനക്കാരും മാനേജ്മെന്‍റും തങ്ങളുടെ ദൈനംദിന പ്രവര്‍ത്തി തുടരും. രാജ്യത്തെ എണ്ണ, പ്രകൃതി വാതക വ്യവസായത്തിന്‍െറ എല്ലാവിധ ഉത്തരവാദിത്വവും ഇനി മുതല്‍ ഖത്തര്‍ പെട്രോളിയത്തിനായിരിക്കും.
പെട്രോളിയം എണ്ണ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വിദേശ വിപണിയിലെ നിയന്ത്രണത്തിനുമായി പുതിയ കമ്പനി രൂപവല്‍കരിക്കാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ യോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. 
ഖത്തര്‍ പെട്രോളിയം പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ വിദേശത്ത് വില്‍ക്കുന്നത് സംബന്ധിച്ച 2007ലെ 15ാം നമ്പര്‍ മന്ത്രിസഭ ഉത്തരവില്‍ അടുത്തിടെ കൊണ്ടുവന്ന ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമഭേദഗതി ഉപദേശക സമിതിക്ക് കൈമാറുകയും ചെയ്തു. പെട്രോളിയം, എണ്ണ ഉല്‍പന്നങ്ങളുടെ കയറ്റുമതി പൂര്‍ണമായും സര്‍ക്കാറില്‍ കേന്ദ്രീകരിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഖത്തര്‍ ഇന്‍റര്‍നാഷണല്‍ പെട്രോളിയം മാര്‍ക്കറ്റിങ് കമ്പനി (തസ്വീഖ്) ആണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍, ഖത്തര്‍ പെട്രോളിയത്തിന്‍െറ ഉപകമ്പനിയായിരുന്നില്ല തസ്വീഖ്. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഗ്യാസ്, റാസ് ഗ്യാസ് തുടങ്ങിയ ഉല്‍പാദകരില്‍ നിന്ന് പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങിയശേഷം തങ്ങളുടെ ബ്രാന്‍റായി കയറ്റുമതി ചെയ്യുകയാണ്  തസ്വീഖ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 44 ദശലക്ഷം ടണ്‍ പെട്രോളിയം ഉല്‍പന്നങ്ങളാണ് തസ്വീഖ് കയറ്റുമതി ചെയ്തത്. ഇതില്‍ നാലിലൊന്നും ജപ്പാനിലേക്കായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.