ആഭ്യന്തരമന്ത്രാലയം ആസ്ഥാനം അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: വാദിസൈലില്‍ പണി പൂര്‍ത്തിയായ ആഭ്യന്തരമന്ത്രാലയത്തിന്‍െറ പുതിയ ആസ്ഥാനമന്ദിരം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. 
പുതിയ ഓഫീസിന്‍െറ സവിശേഷതകളും മന്ത്രാലയത്തിന്‍െറ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനായി സംവിധാനിച്ച ആധുനിക സാങ്കേതിക വിദ്യകളും അമീറിന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിവരിച്ചുനല്‍കി. ഖത്തര്‍ പൊലീസിന്‍െറ പരിവര്‍ത്തന കാലത്തെ അടയാളപ്പെടുത്തുന്ന പഴയ രേഖകള്‍, യൂണിഫോമുകള്‍, ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയും ഖത്തറിലെ ഏറ്റവും പുരാതന പൊലീസ് ആസ്ഥാനത്തിന്‍െറ രൂപഘടനയും തയ്യാറാക്കി വെച്ച പൊലീസ് മ്യൂസിയം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചുറ്റിക്കണ്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, മറ്റു മന്ത്രിമാര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അമീറിനെ അനുഗമിക്കുകയും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. 
ഉദ്ഘാടനത്തോടെ കോര്‍ണിഷില്‍ സ്ഥിതി ചെയ്തിരുന്ന മന്ത്രാലയത്തിന്‍െറ  ആസ്ഥാനം പുതിയ കെട്ടിടം തുറക്കുന്നതോടെ പൂര്‍ണമായും വാദിസൈലിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. മന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ ഉപവകുപ്പുകളും അതോറിറ്റികളും ഇനി മുതല്‍ പുതിയ കെട്ടിടത്തിലായിരിക്കും. പുതിയ ആസ്ഥാനം മൂന്ന് കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. 
ഏഴ് നിലകളിലായി ഒന്നാമത്തെ കെട്ടിടത്തില്‍ ആഭ്യന്തരമന്ത്രിയുടെയും മറ്റ് സുരക്ഷാ മേധാവികളുടെയും ഓഫീസുകളായിരിക്കും. 
രണ്ടാമത്തെ കെട്ടിടത്തില്‍ അഞ്ച് നിലകളും മൂന്നാമത്തെ കെട്ടിടം മന്ത്രാലയത്തിന് കീഴിലുള്ള ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിന്‍േറതുമായിരിക്കും. 150 കോടി റിയാലാണ് പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണത്തിനായി ചെലവാക്കിയിരുക്കുന്നത്. അടുത്ത കാലത്തായി മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്കായി പുതിയ കെട്ടിടങ്ങളാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.