ഇന്ത്യയും ഖത്തറും തമ്മില്‍ പുതിയ കരാര്‍ തയാറാവുന്നു

ദോഹ: ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ പുതിയ കരാര്‍ തയാറാവുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ കരാറിലൂടെ എല്‍.എന്‍.ജിയുടെ കുറഞ്ഞ ആഗോളനിരക്കായ യു.എസ് ഡോളര്‍ 6-7 /(ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യുനിറ്റ് -എം.ബി.ടി.യു) തുകക്കായിരിക്കും ഇന്ത്യക്ക് വാതകം ലഭ്യമാകുക. ഇന്ത്യയുടെ പെട്രോളിയം കമ്പനിയായ പെട്രോനെറ്റിനാണ് ഖത്തറില്‍ നിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനുള്ള അധികാരം. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാറിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ വര്‍ഷത്തില്‍ 7.5 ദശലക്ഷം മെട്രിക് ടണ്‍ എല്‍.എന്‍.ജി ഇറക്കുമതി ചെയ്യാമെന്ന കരാറിന്‍െറ അടിസ്ഥാനത്തില്‍ ആദ്യ അഞ്ചുവര്‍ഷത്തേക്ക് 2.53 യു.എസ്. ഡോളര്‍ /എം.ബി.ടി.യു നിരക്കിലും പിന്നീട് എല്‍.എന്‍.ജി.യുടെ ആഗോളവിലയുടെ അഞ്ച് വര്‍ഷത്തെ ശരാശരിയായ 12-13 യു.എസ് ഡോളര്‍/ മെട്രിക് ടണ്‍ എന്ന നിരക്കിലും ഇറക്കുമതി ചെയ്തോളാമെന്നായിരുന്നു കരാര്‍. എന്നാല്‍, ഈ വിലയിലും കുറഞ്ഞ നിരക്കില്‍ ലോക വിപണിയില്‍ നിന്ന് എല്‍.എന്‍.ജി ലഭ്യമാണെന്നിരിക്കെ, പെട്രോനെറ്റ് ഇറക്കുമതി ചെയ്യാന്‍ വിമുഖത കാണിക്കുകയായിരുന്നു. ഇതാണ് പുതിയ ചര്‍ച്ചക്കും കരാറിനും കാരണമായതായി പറയുന്നത്. ഖത്തര്‍ അമീറിന്‍െറ ക്ഷണമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകാതെ ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്നോടിയായി എല്‍.എന്‍.ജിയുടെ പുതിയ കരാറില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 16 വര്‍ഷം മുമ്പാണ് ഇന്ത്യയും ഖത്തറും പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെച്ചത്.  ഇന്ത്യയിലെ നയതന്ത്രപ്രതിനിധികളും പെട്രോനെറ്റ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കരാറിന് അന്തിമ രൂപമായത്. നേരത്തെ കരാര്‍ പ്രകാരമുള്ള ഇറക്കുമതിയില്‍ വീഴ്ചവരുത്തിയതിനുള്ള പിഴ ഖത്തര്‍ ഒഴിവാക്കിയിരുന്നു. ഖത്തറില്‍ നിന്ന് കരാര്‍ പ്രകാരമുള്ള ദ്രവീകൃത പ്രകൃതിവാതകം പൂര്‍ണ തോതില്‍ വാങ്ങുന്നതിനായി ഖത്തര്‍ 100 കോടി യു.എസ് ഡോളറാണ് (6600 കോടി രൂപ) ഇളവ് നല്‍കുക. ഖത്തറില്‍ നിന്നുള്ള എല്‍.എന്‍.ജി ഇറക്കുമതി ദീര്‍ഘകാല കരാറില്‍ ഇന്ത്യയുടെ നഷ്ടം കുറയ്ക്കാനായുള്ള പെട്രോനെറ്റും റാസ് ഗ്യാസും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഇളവ് ലഭിച്ചത്.
റാസ് ഗ്യാസിന്‍െറ ആകെ ഉല്‍പാദനത്തിന്‍െറ പത്ത് ശതമാനമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി. ഇന്ത്യ ഇറക്കുമതി കുറക്കുന്നത് റാസ് ഗ്യാസിന്‍െറ ഉല്‍പാദനത്തെയും ബാധിക്കും. എല്‍.എന്‍.ജിയുടെ വില നിര്‍ണയിക്കുന്ന രീതിയില്‍ മാറ്റംവരുത്തുന്നതോടെ ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന്‍െറ (എം.ബി.ടി.യു) വില 12-13 ഡോളറില്‍ നിന്നു എട്ട് ഡോളറില്‍ താഴെയായി കുറഞ്ഞേക്കും. പുതിയ വില നിര്‍ണയ രീതി നിലവില്‍ വരുന്നതോടെ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്യാന്‍ ബാക്കിയുള്ള 32 ശതമാനം എല്‍.എന്‍.ജിയും വരുംവര്‍ഷം അധികമായി പെട്രോനെറ്റ് വാങ്ങും. പെട്രോനെറ്റ് റാസ് ഗ്യാസില്‍ നിന്നു വാങ്ങുന്ന എല്‍.എന്‍.ജി പൊതുമേഖല സ്ഥാപനങ്ങളായ ഗെയില്‍ ഇന്ത്യ, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവക്കാണ് നല്‍കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.