അല്‍ ജസീറ അന്താരാഷ്ട്ര  ഡോക്യുമെന്‍ററി ചലചിത്രോത്സവം തുടങ്ങി

ദോഹ: 11ാമത് അല്‍ ജസീറ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ചലചിത്രോത്സവത്തിന് ദോഹ റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ തുടക്കമായി. 
അല്‍ ജസീറ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ഥാമിര്‍ ആല്‍ഥാനിയുടെ മേല്‍നോട്ടത്തില്‍, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുടെയും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെയും രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമുള്ള സിനിമാ പ്രേമികളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വമായിരുന്നു അല്‍ ജസീറ ചലചിത്രോത്സവത്തിന് തിരിതെളിഞ്ഞത്. വിജയകരമായ 11 വര്‍ഷങ്ങളുടെ പാരമ്പര്യമാണ് അല്‍ ജസീറ ചലചിത്രോത്സവത്തിനുള്ളതെന്ന് നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ഥാമിര്‍ ആല്‍ഥാനി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ചക്രവാളങ്ങള്‍ എന്നര്‍ഥമുള്ള ‘ആഫാഖ്’ എന്ന തലക്കെട്ടിലൂന്നിയാണ് ഇത്തവണത്തെ അന്താരാഷ്ട്ര ചലചിത്രോത്സവം അല്‍ ജസീറ നെറ്റ്വര്‍ക്ക് സംഘടിപ്പിക്കുന്നത്. 
ലോകത്തിലെ രാജ്യങ്ങളിലെ സംസ്കാരങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്നതിന് ആഫാഖിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയങ്ങളുടെയും തെരെഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെയും കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന അല്‍ ജസീറ ചലചിത്രോത്സവം, നിരവധി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നതാണ്.
ലോകത്തെ വ്യത്യസ്ത ജനവിഭാഗത്തിന്‍െറ കഥകള്‍ വിളിച്ചുപറയുന്ന ഡോക്യുമെന്‍ററികള്‍ 11ാമത് ചലചിത്രോത്സവത്തിന്‍െറ പ്രത്യേകതയാണ്. ചലചിത്രോത്സവത്തിന്‍െറ ഭാഗമായുള്ള പരിപാടികള്‍ ഇന്ന് ആരംഭിക്കും. 
വൈകിട്ട് നടക്കുന്ന സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട ശില്‍പശാല തുടക്കക്കാര്‍ക്ക് മികച്ച അനുഭവമാകും പകര്‍ന്നു നല്‍കുക. വിവിധ വിഭാഗങ്ങളിലായി 147 സിനിമകള്‍ മത്സരിക്കും. ടി.വി ചാനലുകള്‍, ടി.വി പ്രൊഡക്ഷന്‍ കമ്പനികള്‍, സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍, സാംസ്കാരിക സാമൂഹ്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറബ്, അന്താരാഷ്ട്ര തലങ്ങളിലുള്ളര്‍ തുടങ്ങിയവരാണ് ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. 90 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളുണ്ടായിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 147 സിനിമകളാണ് ഫെസ്റ്റില്‍ മത്സരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.