ഫെബ്രുവരി 22 റോഡില്‍  വേഗപരിധി 100 കിലോമീറ്ററാക്കും

ദോഹ: റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഫെബ്രുവരി 22 സ്ട്രീറ്റ് റോഡിലെ വേഗപരിധി, നിര്‍മാണപ്രവൃത്തികള്‍ തീരുന്ന മുറക്ക് 100 കിലോമീറ്ററാക്കി പുതുക്കി നിശ്ചയിക്കും. നിലവില്‍ റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോ മീറ്ററാണ്. 
ഡി റിങ് റോഡില്‍ നിന്ന് തുടര്‍ച്ചയുള്ള ഫെബ്രുവരി 22 റോഡ് രാജ്യത്തെ പ്രധാനപാതയായ അല്‍ ശമാല്‍ എക്സ്പ്രസ്വേയുടെ ഭാഗമാണ്. അന്താരാഷ്ട്ര ട്രാഫിക് മെഡിസിന്‍ സമ്മേളനത്തിനിടെ ഗതാഗത വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജിയാണ് ഫെബ്രുവരി 22 റോഡിലെ വേഗപരിധി പുതുക്കുമെന്ന് അറിയിച്ചത്. എന്നാല്‍, ഹൈവേയുടെ വികസന പ്രവൃത്തികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഫെബ്രുവരി 22 സ്ട്രീറ്റ് റോഡിലെ വേഗപരിധിയുമായി ബന്ധപ്പെട്ട് നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. നേരത്തെ 100 കിലോമീറ്റര്‍ ആയിരുന്നത് ജനുവരിയോടെയാണ് 80 കിലോമീറ്റര്‍ ആക്കി കുറച്ചത്. 
ആഗസ്തില്‍ വീണ്ടും 100 കിലോമീറ്ററാക്കിയതായി പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും റോഡിലെ സിഗ്നലുകളിലും ഡിജിറ്റല്‍ സിഗ്നലുകളിലും വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ തന്നെയാണ് കാണിച്ചത്. ഒടുവില്‍, റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി തന്നെ തുടരുമെന്ന് അധികൃതര്‍ വിശദീകരിച്ചതോടെയാണ് ആശയക്കുഴപ്പം ഒഴിവായത്.
 അപകടങ്ങളും തിരക്കും കുറക്കുന്നതിന് വേഗപരിധി കുറക്കുന്നത് സഹായകമാകുമോ എന്നറിയാനാണ് ഈ വര്‍ഷമാദ്യം സ്ട്രീറ്റിലെ വേഗപരിധി കുറച്ച് വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആക്കി നിജപ്പെടുത്തിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.