വീരസൈനികന് രാജ്യം വിടനല്‍കി

ദോഹ: ഹൂതി വിമതര്‍ക്കെതിരായ പോരാട്ടത്തിനിടെ യമനില്‍ വീരമൃത്യു വരിച്ച ഖത്തരി സൈനികന് രാജ്യം ദു:ഖത്തോടെ വിടനല്‍കി. യമനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ഖത്തര്‍ സ്പെഷ്യല്‍ ഫോഴ്സിലെ സൈനികന്‍ മുഹമ്മദ് ഹാമിദ് സുലൈമാന്‍െറ ഖബറടക്കം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. അബൂഹമൂര്‍ ഖബറിസ്ഥാനില്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് നടന്ന സംസ്കാര ചടങ്ങിന് അമീറിന് പുറമെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായ മേജര്‍ ജനറല്‍ ഹമദ് ബിന്‍ അലി അല്‍ അത്വിയ്യ, ഉന്നത സൈനിക ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
വീരസൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ബന്ധുക്കളും സ്വദേശികളുമായി നൂറുകണക്കിന് ആളുകള്‍ അബൂഹമൂറിലത്തെിയിരുന്നു. ഖബര്‍സ്ഥാനോടനുബന്ധിച്ചുള്ള മസ്ജിദില്‍ മയ്യിത്ത് നമസ്കാരത്തിലും അമീറും മറ്റ് പൗരപ്രമുഖരും പങ്കെടുത്തു. മുഹമ്മദ് ഹാമിദ് സുലൈമാന്‍െറ ബന്ധുവായ കുട്ടി ഖത്തറിന്‍െറ പതാകയും പുതച്ച് സംസ്കാര ചടങ്ങിനത്തെിയ വീഡിയോ ദൃശ്യം അല്‍ ശര്‍ഖ് പത്രം പുറത്തുവിട്ടു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും ദൃശ്യത്തില്‍ കാണാവുന്നതാണ്. ധീരനും സല്‍സ്വഭാവിയും ജോലിയില്‍ നൂറ് ശതമാനം കൂറു പുലര്‍ത്തുന്നവനുമായിരുന്നു സുലൈമാനെന്ന് ഖത്തറിലെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.  
സൈനികന്‍ കൊല്ലപ്പെട്ട വിവരം വിദേശകാര്യ മന്ത്രി ഖാലിദ്  അല്‍ അത്വിയ്യയാണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്. യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഇടപെടല്‍ ആരംഭിച്ച ശേഷം മരിക്കുന്ന ആദ്യത്തെ ഖത്തരി സൈനികനാണ് സുലൈമാന്‍. രണ്ടാഴ്ച മുമ്പ് ഖത്തറിന്‍െറ മറ്റൊരു സൈനികന് യമനിലെ യുദ്ധമുഖത്ത് പരിക്കേറ്റിരുന്നു. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഹമദ് ബിന്‍ സാദ് അല്‍ മര്‍റി എന്ന സൈനികനാണ് അന്ന് പരിക്കേറ്റത്. ഇദ്ദേഹമിപ്പോള്‍ ഖത്തറില്‍ ചികിത്സയിലാണ്. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന പോരാളികളുമായി ചേര്‍ന്നാണ് ഖത്തര്‍ സൈനികര്‍ യമനില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.