എന്തിനും സര്‍ക്കാരിനെ ആശ്രയിക്കുന്നത് നിര്‍ത്തണം

ദോഹ: ഇന്ധനവിലയിലെ മാന്ദ്യം എല്ലാ ആവശ്യങ്ങള്‍ക്കും ഗവണ്‍മെന്‍റിനെ ആശ്രയക്കുന്ന പ്രവണത പുനരാലോചനക്ക് വിധേയമാക്കാന്‍ കാരണമായിരിക്കുന്നു. എന്തിനും ഏതിനും പൊതുഖജനാവിനെ ആശ്രയിക്കുന്ന അവസ്ഥ കാരണം, വ്യക്തികള്‍ സ്വയം സൃഷ്ടിക്കേണ്ട സംരംഭങ്ങള്‍ക്കുള്ള  പ്രചോദനം വഴിമാറിപ്പോയതായും അദ്ദേഹം ഓര്‍മിപ്പിച്ചു. 
പൊതുസമ്പത്തിന്‍െറ ദുര്‍വ്യയം, ഭരണകാര്യങ്ങളിലുള്ള അഴിമതി, ഉദ്യോഗസ്ഥ മേധാവിത്വം എന്നിവ രാജ്യപുരോഗതിക്ക് വിഘാതമാകുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാമ്പ്രത്തിക ക്രമക്കേടുകളും ഭരണത്തിലെ അഴിമതിയും വ്യക്തിനേട്ടങ്ങള്‍ക്കായുള്ള അധികാര ദുര്‍വിനിയോഗവും നിസ്സാര നേട്ടങ്ങള്‍ക്കായി നിലവാരവും വൈദഗ്ധ്യവും വിട്ടുവീഴ്ച ചെയ്യുന്നതും ഒരുകാരണവശാലും ഗവണ്‍മെന്‍റ് പൊറുപ്പിക്കില്ല.
രാഷ്ട്രപുരോഗതിക്കായി  വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ രാജ്യത്തെ യുവാക്കള്‍ തയാറാകേണ്ടതുണ്ട്. ഖത്തറിന്‍െറ സാമ്പത്തിക നിര്‍മിതിക്കായി എക്കാലവും വിദേശ മാനവശേഷിയെ ഉപയോഗപ്പെടുത്താനാവില്ല. രാജ്യപുരോഗതിയില്‍ യുവാക്കളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.  യുവാക്കളുടെ കര്‍മശേഷി ചില മേഖലകളില്‍ മാത്രമായി ചുരുങ്ങരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിര്‍ണായക മേഖലകളായ സുരക്ഷ, സൈന്യം, നിയമപാലനം, ആസൂത്രണം, മാനേജ്മെന്‍റ്, എന്‍ജിനീയറിങ്, ആരോഗ്യം, ശാസ്ത്ര ഗവേഷണം എന്നിവയില്‍ യുവാക്കളുടെ പങ്ക് അവശ്യം വേണ്ടതാണ്. ഈ മേഖലകളില്‍ തൊഴില്‍ തെരഞ്ഞെടുക്കാന്‍ യുവാക്കള്‍ മുമ്പോട്ടുവരണമെന്നും മാതൃരാജ്യത്തിന്‍െറ പുരോഗതിക്ക് പ്രഥമ പരിഗണന നല്‍കണമെന്നും യുവാക്കളോടായി അദ്ദേഹം ആഹ്വാനം ചെയ്തു. 
സര്‍ക്കാറിനെ ആശ്രയിക്കുന്ന  പ്രവണത മാറ്റി കൂടുതല്‍ കരുത്തുള്ള സ്വകാര്യ സംരംഭങ്ങള്‍ക്ക് തുടക്കമിടണം. പദ്ധതികള്‍ തുടങ്ങാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കലും തുടക്കക്കാരായ കമ്പനികളെ പ്രോല്‍സാഹിപ്പിക്കലും ഉദ്യോഗസ്ഥ തലത്തിലെയും ഭരണതലത്തിലെയും തടസങ്ങള്‍ നീക്കലുമാണ് ഗവണ്‍മെന്‍റിന്‍െറ കര്‍ത്തവ്യമെന്നും അമീര്‍ വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ രാജ്യത്ത് അടിക്കടിയുണ്ടാകുന്ന നിയമ ഭേദഗതികളും വ്യവസ്ഥകളും മാനദണ്ഡങ്ങളും ഖത്തര്‍ നിവാസികളിലും വിദേശ നിക്ഷേപകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക വൈവിധ്യവല്‍കരണം കൊണ്ടുവരുന്നതില്‍ ഗവണ്‍മെന്‍റിന് പരിധിയുണ്ടെന്നും വ്യവസായ-വാണിജ്യരംഗത്തുള്ളവരാണ് ആത്യന്തികമായി ഇതിന് ശ്രമിക്കേണ്ടതെന്നും അമീര്‍ പറഞ്ഞു. 
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിനി തുടങ്ങിയവരും ശൂറ കൗണ്‍സിലില്‍ പങ്കെടുത്തു
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.