മിസൈമീര്‍ ലേബര്‍ സിറ്റി ഇന്ന് ഉദ്ഘാടനം ചെയ്യും

ദോഹ: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് മികച്ചതും നവീനവുമായ താമസസൗകര്യങ്ങളൊരുക്കുന്നതിന് നിര്‍മിച്ച മിസൈമീര്‍ ലേബര്‍ സിറ്റി താമസക്കാര്‍ക്കായി ഇന്ന് തുറന്നുകൊടുക്കും. മേഖലയിലെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ലേബര്‍ ക്യാമ്പായ മിസൈമീര്‍ ലേബര്‍ സിറ്റിയില്‍ 53,000 തൊഴിലാളികള്‍ക്ക് താമസൗകര്യമുണ്ട്. നിര്‍മാണരംഗത്തെ പ്രമുഖരായ, സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബര്‍വ അല്‍ ബറാഹ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലേബര്‍ സിറ്റി പൂര്‍ത്തീകരിച്ചത്. പാര്‍പ്പിട നഗരത്തിന്‍െറ ഉദ്ഘാടനം  പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി  നിര്‍വഹിക്കും. 
കളിസ്ഥലങ്ങള്‍, പള്ളികള്‍, കളിസ്ഥലങ്ങള്‍, ഷോപ്പിങ് സെന്‍ററുകള്‍, ആശുപത്രി, അനേകം ഭക്ഷണശാലകള്‍ എന്നിവയും ഇതോടനുബന്ധിച്ച് നിര്‍മിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പരിചയ സമ്പന്നരായ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും, അടിയന്തര-അപകട ചികിത്സ വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. വോളിബാള്‍, ക്രിക്കറ്റ്, ഫുട്ബാള്‍ എന്നിവക്കായി പ്രത്യേകം കളിസ്ഥലങ്ങളാണ് സജ്ജമാക്കിയത്. 64 കെട്ടിടങ്ങളുള്‍ക്കൊള്ളുന്ന സിറ്റിയില്‍ ഓരോ കെട്ടിടത്തിലുമായി തൊഴിലാളികള്‍ക്കുള്ള 130ഓളം മുറികളാണുള്ളത്. നാല് നിലകളിലുള്ള ഒരു കെട്ടിടത്തില്‍ മൊത്തം 780 പേര്‍ക്ക് താമസിക്കാനാകും. വിശാലമായ ഭക്ഷണ ഹാളും ഓരോ കെട്ടിടത്തോടനുബന്ധിച്ചും സജ്ജമാണ്. ഇത്തരം 16 കെട്ടിടങ്ങള്‍  ഉള്‍ക്കൊള്ളുന്ന നാല് വലിയ സബ് കോംപ്ളക്സുകളായാണ് ലേബര്‍ സിറ്റി ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ മറ്റ് 16 ഭവനകേന്ദ്രങ്ങളും പദ്ധതിയോടനുബന്ധിച്ചുണ്ട്. ബാച്ചിലേഴ്സായ കമ്പനി എക്സിക്യൂട്ടീവുകള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും വാടക ഈടാക്കി ഇവിടെ സൗകര്യമൊരുക്കുക. ഓരോ കെട്ടിടങ്ങളിലും ഇത്തരം 97 മുറികളുണ്ട്. തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ കമ്പനികള്‍ക്ക് ഒന്നിച്ച് വാടകക്ക് നല്‍കുകയാണ് ചെയ്യുന്നത്.
1.8 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലേബര്‍ സിറ്റിയിലെ എല്ലാ കോംപ്ളക്സുകളിലുമായി മൊത്തം 9,872 മുറികളാണുള്ളത്. ബര്‍വ അല്‍ ബറഹ ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍  4,200 ട്രക്കുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകാര്യമായിരുന്നു ആദ്യം ഒരുക്കിയത്. രണ്ടാംഘട്ടമായാണ് തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ ഒരുക്കിയത്. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ലേബര്‍ സിറ്റിയോടനുബന്ധിച്ച് പൊലിസ് സ്റ്റേഷനും നിര്‍മിച്ചിട്ടുണ്ട്. പാരിസ്ഥിതിക സന്തുലിതത്തം നിലനിര്‍ത്തനായി 32,500 ചതുരശ്രമീറ്ററില്‍ പച്ചപ്പും വെച്ചുപിടിപ്പിച്ചിട്ടുണ്ട്്. കൂടാതെ 49 ഓളം ഉപയോഗിച്ച കാറുകളുടെ വില്‍പനശാലയും ഇതോടനുബന്ധിച്ചുണ്ട്. തൊഴിലാളികള്‍ക്കായി പാര്‍പ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. മേഖലയിലെ എല്ലാ തൊഴിലാളി പാര്‍പ്പിടകേന്ദ്രങ്ങള്‍ക്കും മാതൃകയെന്നോണമാണ് ഈ ഭവന പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.