മുഗ്സെയിൽ ബീച്ചിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽ 

ഉറ്റവർ കാണാമറയത്ത്; സങ്കടക്കടലിൽ കുടുംബങ്ങൾ

മസ്കത്ത്: കളിചിരികൾ മായ്ച്ച് കടലിന്‍റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങിയ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനാകാത്ത സങ്കടത്തിൽ മഹാരാഷ്ട്ര, യു.പി സ്വദേശികൾ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ രണ്ട് കുടുംബത്തിലെ അഞ്ചുപേർ സലാലയിലെ കടലിൽ വീണ് കാണാതാവുന്നത്. സൈനിക, സുരക്ഷ ഏജൻസികളുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), മകൻ ശ്രേയസ് (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെ കഴിഞ്ഞ ദിവസം സലാലയിൽ സംസ്കരിക്കുകയും ചെയ്തു. ശശികാന്തിന്‍റെ മകൾ ശ്രുതി (എട്ട്), അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുടുംബമായ യു.പിയിലെ അലഹബാദ് പ്രയാഗ് രാജ് സ്വദേശി അനാമിക മോഹൻ (44), മകൾ ദൃതി (16)എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. പെരുന്നാൾ അവധിയിൽ ദുബൈയിൽനിന്ന് സലാലയിലേക്കെത്തിയതായിരുന്നു ആറ് കുടുംബങ്ങൾ. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഞായറാഴ്ച അപകടത്തിൽപെടുന്നത്.

സംഭവസമയത്ത് മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. തിരമാലയുടെ രൂപത്തിലെത്തിയ ദുരന്തമാണ് ഇവരുടെ ആഘോഷങ്ങളെ കണ്ണീരണിയിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഉയർന്നുപൊന്തിയ തിരമാലയിൽ ഇവർ അകപ്പെടുകയായിരുന്നു. അപകടം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ചയാകുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല കുടുംബങ്ങൾക്ക്.

അതേസമയം, കടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഹെലികോപ്ടറിന്‍റെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Where loved ones are seen; Families in a sea of ​​grief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.