നിസ്വ: നിസ്വ വിലായത്തിലെ വാദി തനൂഫിൽ നടത്തിയ പുരാവസ്തു ഖനനത്തിൽ മുത്തുകളുടെ ശേഖരം, അസ്ഥിഭാഗങ്ങൾ, ശിലാലിഖിതങ്ങൾ, കല്ലിലെ കൊത്തുപണികൾ തുടങ്ങിയവ കണ്ടെത്തിയതായി പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു.
2018 മുതൽ ജപ്പാനിലെ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സ്ഥാപനത്തിലെ പുരാവസ്തു ദൗത്യസംഘങ്ങളുമായി സഹകരിച്ചാണ് ടൂറിസം മന്ത്രാലയം വാദി തനൂഫിൽ ഖനന പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ജപ്പാൻ സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് സയൻസ് (ജെ.എസ്.പി.എസ്) ആണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകുന്നത്. മുസന്ദം ഗവർണറേറ്റിലും ദാഖിലിയ ഗവർണറേറ്റിലെ തനൂഫിലും നടക്കുന്ന സർവേകളുടെ പ്രധാന ഫലങ്ങളും അവ പ്രദേശത്തിന്റെ സാംസ്കാരിക-ഭൂപ്രകൃതിചരിത്രം മനസ്സിലാക്കുന്നതിന് നൽകുന്ന സൂചനകളും ഖനനത്തിന് നേതൃത്വം നൽകുന്ന ജാപ്പനീസ് പ്രഫസറും ജിയോളജിസ്റ്റുമായ ഡോ. കോൺഡോ യാസുഹിസ വിശദീകരിച്ചു.
പുതിയ കണ്ടെത്തലുകൾ ഈ പ്രദേശത്തിന്റെ പൈതൃകം, ആചാരങ്ങൾ, സംസ്കാരം, പുരാതന ജീവിതരീതികൾ എന്നിവയെക്കുറിച്ചുള്ള നമ്മുടെ അറിവ് സമ്പുഷ്ടമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒമാനിന് വൻ പുരാവസ്തു സമ്പത്തിനെ ടൂറിസവുമായി ബന്ധിപ്പിക്കാനാകുമെന്നും പുരാവസ്തു ഗവേഷണത്തിന്റെയും സുസ്ഥിര-സാംസ്കാരിക ടൂറിസത്തിന്റെയും പ്രാദേശിക കേന്ദ്രമായി മാറാൻ ഒമാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തനൂഫിലെ അറൈൻ പ്രദേശം, ദാഖിലിയയിലെ മലയിടുക്ക് മേഖലയിൽ ഗുഹകൾക്കരികെയുള്ള താമസകേന്ദ്രങ്ങൾ, മുസന്ദത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പുരാവസ്തു സർവേകളിൽ സജീവമായി പങ്കാളിയായിരുന്നു പ്രഫ. കോൺഡോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.