മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മാലിന്യശേഖരണത്തിന്റെയും ഗതാഗതസേവനങ്ങളുടെയും മേൽനോട്ട ചുമതല മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതിനുള്ള കരാറിൽ ഒമാൻ എൻവയൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനിയും (ബീഅ്) മസ്കത്ത് മുനിസിപ്പാലിറ്റിയും ഒപ്പുവെച്ചു. മന്ത്രിമാരുടെ കൗൺസിലിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് കരാർ. രണ്ട് സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്. കരാറിന്റെ നിബന്ധനകൾ പ്രകാരം, ഒക്ടോബർ ഒന്ന് മുതൽ മസ്കത്ത് മുനിസിപ്പാലിറ്റി മാലിന്യശേഖരണത്തിന്റെയും ഗതാഗതപ്രവർത്തനങ്ങളുടെയും നേരിട്ടുള്ള മേൽനോട്ടം ഏറ്റെടുക്കും. ലാൻഡ്ഫില്ലുകൾ, ട്രാൻസ്ഫർ സ്റ്റേഷനുകൾ, ആരോഗ്യ സംരക്ഷണ, അപകടകരമായ മാലിന്യസംസ്കരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതികസൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും ബീഅ് തുടർന്നും നിർവഹിക്കും. സാമ്പത്തിക പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും വിഭവകാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും മാലിന്യത്തെ സാമ്പത്തിക വിഭവമായി ഉപയോഗിക്കുന്നതിലും ബീഅ് ശ്രദ്ധ കേന്ദ്രീകരിക്കും.
സേവനങ്ങളുടെ സുഗമവും തടസ്സമില്ലാത്തതുമായ മാറ്റം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ബന്ധപ്പെട്ട അധികാരികൾ ഊന്നിപ്പറഞ്ഞു. ഈ പ്രക്രിയയിലുടനീളം പൗരന്മാരും താമസക്കാരും ക്രിയാത്മകമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗവർണറേറ്റിലെ പൊതുജനാരോഗ്യം, പരിസ്ഥിതിസംരക്ഷണം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവക്ക് ഈ പരിവർത്തനം ഗണ്യമായ നേട്ടങ്ങൾ നൽകുമെന്നാണ് കരുതുന്നത്. മുനിസിപ്പൽ ഖരമാലിന്യസംസ്കരണത്തിൽ സ്ഥാപനപരമായ സംയോജനവും ഭരണനിർവഹണവും മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ കരാർ. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഭരണ, പരിസ്ഥിതി സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് ശ്രമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.