വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അധികൃതർ പരിശോധന
നടത്തുന്നു
മസ്കത്ത്: ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി 14 വാണിജ്യ സ്ഥാപനങ്ങൾക്ക് താഴിട്ടു. സെപ്റ്റംബറിൽ നടത്തിയ പരിശോധന കാമ്പയിനിലാണ് ഇത്രയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഇക്കാലയളവിൽ മുനിസിപ്പൽ അധികൃതർ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യ, ആരോഗ്യ സ്ഥാപനങ്ങളിൽ 3,682 പരിശോധനകൾ നടത്തി.
ആരോഗ്യ ചട്ടങ്ങൾ പാലിക്കാത്തതിന് 861 മുന്നറിയിപ്പുകളും നൽകി. ഉൽപന്നങ്ങളുടെ കാലഹരണപ്പെടൽ തീയതികളിൽ കൃത്രിമം കാട്ടിയതും ഭക്ഷ്യവസ്തുക്കൾ സംഭരിക്കാത്ത അവസ്ഥയും ഉൾപ്പെടെയുള്ള ഗുരുതര ലംഘനങ്ങൾ കണ്ടെത്തിയതായി ആരോഗ്യകാര്യ ഡയറക്ടർ എൻജിനീയർ അലി ബിൻ ദഹേം അൽ ഒമ്രാനി പറഞ്ഞു. ആരോഗ്യ പരിശോധന സംഘങ്ങൾ 184,929 കിലോ കേടായ ഭക്ഷ്യ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലബോറട്ടറി പരിശോധനക്കായി 57 ഭക്ഷണ സാമ്പ്ളുകളും 82 ജല സാമ്പ്ളുകളും മുനിസിപ്പാലിറ്റി ശേഖരിച്ചു. ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന 1,759.72 കിലോ മാംസം വെറ്ററിനറി പരിശോധനകൾക്ക് ശേഷം നീക്കം ചെയ്തു.
ലൈസൻസില്ലാത്ത ഭക്ഷ്യ സംഭരണ സൈറ്റുകൾ നടത്തുന്നവർ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അൽ ഒമ്രാനി എടുത്തുപറഞ്ഞു. ആരോഗ്യ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പൗരന്മാരിൽനിന്നും താമസക്കാരിൽനിന്നുമുള്ള 65 പരാതികളും മുനിസിപ്പാലിറ്റി കൈകാര്യം ചെയ്തു.
മുനിസിപ്പൽ സേവനങ്ങൾക്കായുള്ള 609 അഭ്യർഥനകൾ പരിഹരിച്ചു. ഇത് പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധത കൂടുതൽ പ്രകടമാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിറ്റി ശുചിത്വത്തെ പിന്തുണക്കുന്നതിനായി, ദൈനംദിന ക്ലീനിങ് ടീമുകൾ സജീവമായി മാലിന്യങ്ങൾ നീക്കം ചെയ്യുകയും നഗര ഭൂപ്രകൃതി പരിപാലിക്കുകയും താമസക്കാർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിലും വടക്കൻ ബാത്തിന മുനിസിപ്പാലിറ്റിയുടെ പരിശോധനയും നിയന്ത്രണ ശ്രമങ്ങളും നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.