മസ്കത്ത്: ലോകമെമ്പാടുമുള്ള അദൃശ്യ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പേരിൽ യുനെസ്കോ പുതിയ രാജ്യാന്തര പുരസ്‌കാരം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി ഒമാൻ നൽകുന്ന ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം ഏർപ്പെടുത്തിയതിനെ വിലയിരുത്തുന്നത്. ബുധനാഴ്ച പാരീസിൽ നടന്ന യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡിന്റെ 224-ആം സെഷനിലാണ് പുരസ്‌കാരം ഔദ്യോഗികമായി അംഗീകരിച്ചത്.
രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ അവാർഡിന് 1,50,000 യു.എസ് ഡോളറാണ് (ഏകദേശം 1.25 കോടി രൂപ) സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. പാരമ്പര്യ കലകൾ, വാമൊഴി പാരമ്പര്യങ്ങൾ, സാമൂഹിക ആചാരങ്ങൾ, ഉത്സവങ്ങൾ, പ്രകൃതിയെയും പ്രപഞ്ചത്തെയും സംബന്ധിച്ച അറിവുകൾ, പരമ്പരാഗത കരകൗശല വിദ്യകൾ എന്നിവ സംരക്ഷിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്‌കാരം നൽകുക. യുനെസ്കോ ഡയറക്ടർ ജനറൽ നിയമിക്കുന്ന രാജ്യാന്തര വിദഗ്ധ സമിതി വിജയിയെ തീരുമാനിക്കും.
ഒമാന്റെ സാംസ്കാരിക ദൗത്യത്തെ രാജ്യാന്തര തലത്തിൽ ഉയർത്തിക്കാട്ടുന്ന ഈ പുരസ്‌കാരം, ആഫ്രിക്കൻ രാജ്യങ്ങളിലടക്കമുള്ള പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഒമാൻ നൽകിവരുന്ന ‘സുൽത്താൻ ഖാബൂസ് പുരസ്‌കാര’ത്തിന് ശേഷം യുനെസ്കോയിലൂടെ ഒമാൻ ആവിഷ്കരിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പുരസ്‌കാരം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.