സയ്യിദ് ബദർ
മസ്കത്ത്: വർധിച്ചുവരുന്ന ആഗോളവെല്ലുവിളികൾക്കിടയിൽ യു.എൻ സംവിധാനത്തിൽ അടിയന്തര പരിഷ്കാരങ്ങളും അന്താരാഷ്ട്ര ഐക്യദാർഢ്യവും ഉണ്ടാവണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി. ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് സുൽത്താന്റെ ഉന്നത നിർദേശപ്രകാരം ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗികവേദികളിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് സുൽത്താന്റെ ആശംസകൾ നേർന്നാണ് അദ്ദേഹം ആരംഭിച്ചത്.
അന്താരാഷ്ട്ര ബന്ധങ്ങളുടെ മൂലക്കല്ലായി ഐക്യരാഷ്ട്രസഭയുടെ പങ്കിലുള്ള ഒമാന്റെ അചഞ്ചലമായ വിശ്വാസം മന്ത്രി എടുത്തുപറഞ്ഞു. സംഘർഷപരിഹാരത്തിനും മനുഷ്യക്ഷേമത്തിന്റെ പുരോഗതിക്കുമുള്ള സുപ്രധാന സ്ഥാപനമാണിത്. നീതിയുടെയും സമാധാനത്തിന്റെയും ഒരു ദീപസ്തംഭമാണ് ഐക്യരാഷ്ട്രസഭയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ലോകം സങ്കീർണമായ പ്രതിസന്ധികളെയും അസ്ഥിരതയെയും അഭിമുഖീകരിക്കുന്ന സമയത്താണ് ഈ വാർഷികാചരണം.
അന്താരാഷ്ട്ര സമൂഹം ഈ വെല്ലുവിളികളെ പുതിയ ദൃഢനിശ്ചയത്തോടെയും ശക്തമായ ഐക്യദാർഢ്യത്തോടെയും മറികടക്കുമെന്നും കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്ക് വഴിയൊരുക്കുമെന്നും ഒമാൻ പ്രതീക്ഷിക്കുന്നു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഐക്യരാഷ്ട്രസഭയുടെ ഘടന ഫലപ്രദമായി തുടരുന്നത് ഉറപ്പാക്കാൻ ആധുനികവത്കരണം ആവശ്യമാണ്.
എല്ലാ രാജ്യങ്ങൾക്കിടയിലും നീതിയും തുല്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള വടക്കൻ, തെക്കൻ ശബ്ദങ്ങൾക്കിടയിൽ ഒരു യഥാർഥ സന്തുലിതാവസ്ഥ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.