ദുബൈയിലെ യു.എൻ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഒമാൻ ഒരുക്കിയ പവിലിയനിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടികളിൽനിന്ന്
മസ്കത്ത്: ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടാനും കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറാനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് സുൽത്താനേറ്റ് പിന്തുണ പ്രഖ്യാപിച്ചു. ദുബൈയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കവേയാണ് സുൽത്താനേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിപാടിയുടെ ഭാഗമായി ഊർജ, ധാതുക്കളുടെ മന്ത്രി എൻജിനിയർ സലിം ബിൻ നാസർ അൽ ഔഫി ഊർജ സ്ഥാപനങ്ങളുടെ ഡയറക്ടർമാരുമായും സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിലും പ്രാദേശികമായും ഈ കമ്പനികളുടെ പ്രവർത്തനം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഉൽപാദന നിരക്ക്, ആഗോള വിപണി സാഹചര്യങ്ങൾ, കാർബൺ ബഹിർഗമനം കുറക്കുന്നതിലെ വെല്ലുവിളികൾ, സാമ്പത്തികമായി അവയെ മറികടക്കാനുള്ള വഴികൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
‘ജോർഡൻ കാലാവസ്ഥയും അഭയാർഥികളു’മായി ബന്ധപ്പെട്ട സംരംഭവുമായുള്ള യോഗങ്ങളിൽ പരിസ്ഥിതി അതോറിറ്റി (ഇ.എ) ചെയർമാൻ ഡോ.അബ്ദുല്ല ബിൻ അലി അൽ അമ്രി പങ്കെടുത്തു. മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ പ്രതിനിധികൾ മൈക്രോസോഫ്റ്റിലെ ജോലി സാഹചര്യങ്ങളും ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളും വിവരിച്ചു. കോൺഫറൻസിലെ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് പവിലിയനും ഒമാൻ ഒരുക്കിയിട്ടുണ്ട്. ഈ പവലിയൻ കാർബൺ ബഹിർഗമന മേഖലയിൽ ഒമാന്റെ ഇതുവരെയുള്ള നേട്ടങ്ങളെ അടയാളപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരതയിലും പുനരുപയോഗ ഊർജം വർധിപ്പിക്കുകയും ചെയ്യുന്ന മേഖലകളിൽ രാജ്യത്തിന്റെ നിർണായക പങ്കും മറ്റും വിവരിക്കുകയും ചെയ്യുന്നതാണ്. പവിലിയനിൽ കഴിഞ്ഞ ദിവസം ചർച്ചകളും വിവിധ അവതരണങ്ങളും നടന്നു. ‘ഒമാൻ റോഡ് ടു നെറ്റ് സീറോ എമിഷൻ: എ ബ്ലൂപ്രിന്റ് ഫോർ സസ്റ്റെയ്നബിൾ എനർജി ട്രാൻസ്ഫോർമേഷൻ’ എന്ന തലക്കെട്ടിലായിരുന്നു ആദ്യ സെഷൻ.
ഒമാന്റെ കാർബൺ ബഹിർഗമനം പൂജ്യം വരെ എത്തിക്കുന്നതിനുള്ള റോഡ് മാപ്പും സുസ്ഥിര ഊർജ സമ്പ്രദായങ്ങളിലേക്കുള്ള അതിന്റെ യാത്രയുടെ പ്രധാന വശങ്ങളും പരിപാടി എടുത്തുകാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.