കോവിഡിന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്ത് ആരംഭിച്ച രോഗനിർണയ ക്യാമ്പിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഒമാനിൽ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ടാണ്ട് തികയുന്നു. 2020 ഫിബ്രുവരി 24ന് ഇറാനിൽനിന്നെത്തിയ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യം കോവിഡ് ഭീതിയിലേക്കും ആശങ്കയിലേക്കും നീങ്ങുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം രോഗികളുടെ എണ്ണം ആറായി ഉയർന്നതോടെ മഹാമാരിയെ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തുകയും നിയന്ത്രണങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത നിയന്ത്രണങ്ങളിലേക്കാണ് രാജ്യം നീങ്ങിയത്. വിമാന സർവിസ് നിലക്കുകയും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞതും പൊതുജീവിതത്തെ ചില്ലറയൊന്നുമല്ല ബാധിച്ചത്.
നിരവധി പേർ മരണമടഞ്ഞതോടെ നിരവധി കണ്ണീർ കാഴ്ചകളും കോവിഡ് കാലത്തുണ്ടായി. ജീവിതം നിലച്ചുപോയ സമ്പൂർണ ലോക് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങളുടേതായിരുന്നു കഴിഞ്ഞുപോയ കോവിഡ് വർഷങ്ങൾ. രോഗികളുടെ എണ്ണം പെരുകാനും മരണം റിപ്പോർട്ട് ചെയ്യാനും തുടങ്ങിയതോടെ കടുത്ത നിയന്ത്രണങ്ങളല്ലാതെ മറ്റൊരു വഴിയും അധികൃതർക്ക് മുന്നിലുണ്ടായിരുന്നില്ല. നീണ്ട കോവിഡ് മാസങ്ങൾക്ക് ശേഷം വാക്സിൻ വ്യാപകമാക്കുകയും മരണ നിരക്ക് കുറയുകയും ചെയ്തതോടെ രാജ്യം സാധാരണ നിലയിലെത്തുയാണ്.
2020 ഫെബ്രുവരിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആരോഗ്യമന്ത്രാലയം കർശന നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രോഗികളുമായി ബന്ധമുള്ള 2,367 പേരെയാണ് മാർച്ച് ആദ്യം ക്വാറന്റീനിൽ പാർപ്പിച്ചത്. മാർച്ച് 12ന് ഒമാൻ ടൂറിസ്റ്റ് വിസകൾ നിർത്തുകയും ക്രുയിസ് കപ്പലുകളിലെ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എങ്കിലും മാർച്ച് 14 ഓടെ കേസുകൾ 22 ആയി ഉയരുകയായിരുന്നു. ഇതോടെ സ്കൂൾ ക്ലാസുകൾ നിർത്തിവെക്കാൻ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ഉത്തരവിട്ടു. മാർച്ച് 15 കര വഴിയും കടൽ വഴിയും ഒമാനിലേക്ക് എത്തുന്നത് നിർത്തുകയും വിമാന മാർഗം എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കുകയും ചെയ്തു. 16ന് റോയൽ ആശുപത്രിയിൽനിന്ന് മറ്റു ചികിത്സകൾ ഒഴിവാക്കുകയും കോവിഡ് ചികിത്സക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. 17 മുതൽ വെള്ളിയാഴ്ച പ്രാർഥന നിർത്തിവെച്ചു. 18 മുതൽ വിമാന സർവിസുകൾ നിർത്തിയതോടെ ഒമാൻ മറ്റ് രാജ്യങ്ങളിൽനിന്നും തികച്ചും ഒറ്റപ്പെട്ടു. മസ്ജിദുകൾ പൂർണമായി അടക്കുകയും ഹോട്ടലുകൾ, സൂഖുകൾ അടക്കം എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടക്കുകയും ചെയ്യതോടെ താമസക്കാർ ചുമരുകൾക്കുള്ളിൽ ചുരുങ്ങാൻ തുടങ്ങി.
2020 എപ്രിൽ ഒന്നിനാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 72 കാരനായ സ്വദേശിയാണ് ഒമാനിലെ ഒന്നാമത്തെ ഇര. രോഗികളുടെ എണ്ണം 200 ആവുകയും അൽ നാദ ആശുപത്രിയും കോവിഡ് ആശുപത്രിയായി മാറുകയും ചെയ്തു. നിയന്ത്രണങ്ങൾ ഫലിക്കാതെ വന്നപ്പോൾ സുപ്രീം കമ്മിറ്റി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തുടങ്ങി. ഏപ്രിൽ 10നാണ് ലോക്ഡൗൺ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ 22 വരെയായിരുന്നു ലോക്ഡൗൺ. പിന്നീട് രണ്ട് പ്രാവശ്യം ദീർഘിപ്പിക്കുകയും മേയ് 29 വരെ ലോക്ഡൗൺ തുടരുകയും ചെയ്തു. ജൂൺ 10 വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തുറക്കാൻ അനുവാദം ലഭിച്ചു. ജൂൺ 13 മുതൽ വീണ്ടും ദോഫാർ, മസീറ, ദുകം, ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സ്വദേശികളും വിദേശികളും ഏറെ പ്രയാസങ്ങൾ നേരിട്ടു. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും നിരവധി പേർക്ക് ബാധിച്ചു. ആദ്യഘട്ടത്തിൽ രോഗം ഏറെ സങ്കീർണവും ആശങ്കയുണ്ടാക്കുന്നതുമായിരുന്നു.
സ്വദേശികളും വിദേശികളുമായ നിരവധി പേർ മരണത്തിന് കീഴടങ്ങി. ഗുരുതരമായി രോഗം ബാധിച്ച് രോഗത്തോട് മല്ലടിച്ച് തിരിച്ചെത്തിയവരും നിരവധിയാണ്. ഭക്ഷ്യക്ഷാമം, മരുന്നുക്ഷാമം തുടങ്ങിയ നിരവധി പ്രതിസന്ധികളിലൂടെയാണ് കോവിഡ് കാലം കടന്നുപോയത്. വിമാന സർവ്വിസ് നിലച്ചത് ആയിരങ്ങളെ ആശങ്കയിലാക്കി. വിസിറ്റ് വിസയിലെത്തിയവരും തൊഴിൽ നഷ്ടപ്പെട്ടവരുമടക്കം ആയിരങ്ങൾ നാട്ടിൽ പോവാൻ കഴിയാത്തത് നിരവധി പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. സാമൂഹിക പ്രവർത്തകരും സർക്കാറും പ്രയാസപ്പെടുന്നവർക്ക് സഹായ ഹസ്തവുമായി എത്തിയത് വൻ വലിയ കൈത്താങ്ങായി. നിലവിൽ രാജ്യം കോവിഡ് മുക്തിയിലേക്കും പഴയ ജീവിതരീതിയിലേക്കും തിരിച്ചുനടക്കുമ്പോഴും പ്രയാസങ്ങളുടെയും ആത്മസംഘർഷത്തിന്റെയും കോവിഡ് നാളുകളാണ് തികട്ടിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.