കഴിഞ്ഞ ദിവസം നടന്ന ഒമാൻ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽനിന്ന്
മസ്കത്ത്: ട്വന്റി20 ലോകകപ്പ് ഗ്രൂപ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഒമാന് വമ്പൻ തോൽവി. ലോകകപ്പിലെ മുന്നോട്ടുപോക്കിന് ഇംഗ്ലണ്ടിന് വിജയം അനിവാര്യമായ മത്സരത്തിൽ സുൽത്താനേറ്റിനെ എട്ട് വിക്കറ്റിനാണ് തകർത്തത്. ഇതോടെ ടൂർണമെന്റിൽ ഒരുവിജയവും നേടാതെ ഒമാൻ മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസാണെടുത്തത്. ട്വന്റി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇഗ്ലണ്ട് 3.1 ഓവറിൽ വിജയം കാണുകയായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ബൗളർമാരുടെ പ്രകടനം. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ആദിൽ റാഷിദ്, മൂന്ന് വീതം വിക്കറ്റ് സ്വന്തമാക്കിയ ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവരുടെ മിന്നും പ്രകടനമാണ് ഒമാനെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കെട്ടാൻ സഹായിച്ചത്.
ഒമാൻ നിരയിൽ ഷുഐബ് ഖാൻ (.23 പന്തിൽ 11 റൺസ്) ആണ് ടോപ് സ്കോറർ. മറ്റുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഒരുവിജയത്തിനപ്പുറം മികച്ച റൺറേറ്റുംകൂടി ഇംഗണ്ടിനാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ബൗളർമാർ തകർത്താടിയപ്പോൾ ഒമാൻ ബാറ്റിങ്നിര ചീട്ടുകൊട്ടാരംപോലെ കൂപ്പുകുത്തുകയായിരുന്നു.
സ്കോർ ബോർഡിൽ 25 റൺസ് ചേർക്കുമുന്നേ ഒമാനിന്റ മൂന്ന് മുൻനിര ബാറ്റർമാർ പവിലിയനിലെത്തിയിരുന്നു. കുറഞ്ഞതെങ്കിലും ഷുഐബ് ഖാന്റെ പ്രതിരോധമാണ് സുൽത്താനേറ്റിനെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ബിലാൽ ഖാൻ എറിഞ്ഞ ആദ്യ ഓവറിൽ ആദ്യ രണ്ട് പന്തും സിക്സടിച്ചാണ് ഫിൽ സാൾട്ട് തുടങ്ങിയത്.
എന്നാൽ, മൂന്നാം പന്തിൽ ബിലാൽ സാൾട്ടിന്റെ സ്റ്റമ്പിളക്കി. വിൽ ജാക്സ് ഏഴ് പന്തിൽ അഞ്ച് റൺസെടുത്ത് കലീമുല്ലയുടെ പന്തിൽ പ്രജാപതിക്കു പിടികൊടുത്തും മടങ്ങി. എന്നാൽ, ക്യാപ്റ്റൻ ജോസ് ബട്ട്ലറും (എട്ട് പന്തിൽ 24) ജോണി ബെയർസ്റ്റോയും (രണ്ട് പന്തിൽ എട്ട്) ദ്രുതഗതിയിൽ റണ്ണടിച്ച് 3.1 ഓവറിൽ വിജയത്തിലെത്തിക്കുകയായിരുന്നു. ഒമാനുവേണ്ടി ബിലാൽ ഖാനും കലീമുല്ലയും ഓരോവീതം വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.