ചാച്ച എന്ന സായിദ് ഹാജി 

'ചാച്ച'യുടെ ഓർമയിൽ വിതുമ്പി മത്രയിലെ വ്യാപാരികൾ

മത്ര: പഞ്ചാബി സ്ലാങ്ങില്‍ സുഖവിവരം അന്വേഷിച്ചുകൊണ്ട് ചായ കുടിപ്പിക്കാൻ 'ചാച്ച' ഇനിയില്ലെന്ന വിഷമത്തിലാണ് മത്ര സൂഖിലെ മലയാളികളടക്കമുള്ള വ്യാപാരികൾ.

നാല് പതിറ്റാണ്ടിലധികമായി സൂഖിൽ മത്ര പൊലീസ് സ്റ്റേഷന് മുന്നില്‍ മെൻസ് പാർലർ നടത്തിപ്പുകാരനായിരുന്ന പാകിസ്താൻ ഇസ്ലാമാബാദ് സുഹവാ സ്വദേശി സായിദ് ഹാജി കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അടുപ്പക്കാർ ചാച്ച എന്നും ഹാജി എന്നും സ്നേഹത്തോടെ വിളിച്ചിരുന്ന സായിദ് സ്വദേശികൾക്കും പ്രവാസികൾക്കും ഏറെ സുപരിചിതനായിരുന്നു.

സൗഹൃദമായിരുന്നു ചാച്ചയുടെ മുഖമുദ്ര. ഇടക്കിടെ ചായയും കാവയും കുടിക്കുന്നത് കൊണ്ട് കൈയിൽ സദാ ചായക്കോപ്പുമായി നിൽക്കുന്ന ചാച്ചയെയാണ് മത്രയിലെ മലയാളികൾ ഓർത്തെടുക്കുന്നത്. അടുത്ത കടക്കാരെയൊക്കെ ചായ നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്യും. നാല് ഷോപ്പുകളുടെ ഉടമയായിരുന്നിട്ടും വിനയം വിടാതെയുള്ള പെരുമാറ്റമായിരുന്നു.

തന്‍റെ സ്റ്റാഫുകള്‍ക്കൊപ്പം തന്നെ ഉണ്ടുറങ്ങുന്ന മുതലാളി പലർക്കും അത്ഭുതമായിരുന്നു. സ്റ്റാഫ് അംഗങ്ങള്‍ ഷോപ്പ് അടച്ച് വരുമ്പോഴേക്കും അവര്‍ക്കുള്ള ഭക്ഷണങ്ങളൊക്കെ പാചകം ചെയ്തുവെക്കുന്നതും ചാച്ചയായിരുന്നു. വയറില്‍ എന്തോ അസ്വസ്ഥത തോന്നി ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് രക്തസമ്മർദത്തിലേക്കും വൃക്കകളുടെ പ്രവർത്തനം നിലക്കുന്നതിലേക്കും സ്ഥിതി മാറി. ഒടുവിൽ ഹൃദയാഘാതത്തോടെ 60 പിന്നിട്ട ആ ജീവിതം അവസാനിക്കുകയായിരുന്നു.

Tags:    
News Summary - Traders of Vithumbi Matra in memory of 'Chacha'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.