ഒമാനിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: രാജ്യത്തെ പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ സഞ്ചാരികളുടെ മനംകവരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനംവരെ 65,880 പേരാണ് രാജ്യത്തെ വിവിധങ്ങളായ പ്രകൃതി സംരക്ഷണകേന്ദ്രങ്ങളിലെത്തിയത്. പരിസ്ഥിതി അതോറിറ്റിയുടെ (ഇ.എ) കണക്കിലാണ് ഇക്കാര്യം പറയുന്നത്. പവിഴപ്പുറ്റുകൾ, ക്യാമ്പിങ്, ഡൈവിങ് സൗകര്യങ്ങൾ എന്നിവയടക്കമുള്ളതിനാൽ രാജ്യത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ. ഒമാനിൽ 21 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുണ്ട്, അതിലൂടെ ജൈവ വൈവിധ്യം സംരക്ഷിക്കാനും ഇക്കോടൂറിസം മേഖലയിൽ സുൽത്താനേറ്റിനെ പ്രോത്സാഹിപ്പിക്കാനും തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു.
ശാസ്ത്രീയ പഠനങ്ങൾ നടത്താനും പ്രകൃതി സംരക്ഷണകേന്ദ്രങ്ങളിൽ അതിഥികൾക്ക് സൗകര്യങ്ങൾ നൽകാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം അവസാനംവരെ 12,543 പ്രത്യേക പെർമിറ്റുകളും പാരിസ്ഥിതിക ലൈസൻസുകളുമാണ് പരിസ്ഥിതി അതോറിറ്റി നൽകിയിട്ടുള്ളത്. വന്യജീവികളെ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി വിദഗ്ധർ 29,725 ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും ചെയ്തു.വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ അതോറിറ്റി പ്രത്യേകം താൽപര്യം കാണിക്കുന്നുണ്ട്. ബർഖയിലെ വന്യജീവി പുനരധിവാസ പുനരുൽപാദന കേന്ദ്രത്തിൽ 239 വന്യമൃഗങ്ങളും പക്ഷികളുമുണ്ട്. അതോറിറ്റി 16 മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുകയും വെറ്ററിനറി പരിചരണം നൽകുകയും ചെയ്തു.
രണ്ട് പച്ച ആമകളുടെ തിരിച്ചുവരവ് രേഖപ്പെടുത്തുകയും ചെയ്തു. 20 വർഷത്തിനുശേഷം ഒരു പച്ച ആമ റാസൽ ജിൻസിൽ തിരിച്ചെത്തിയിരുന്നു. ഉപഗ്രഹങ്ങൾ വഴി കടലാമകളെ ട്രാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയുടെ രണ്ടാംഘട്ടം പരിസ്ഥിതി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.
കടലാമകളുടെ കൂടുണ്ടാക്കുന്ന സ്വഭാവവും സ്വാഭാവിക ആവാസ വ്യവസ്ഥയും പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുന്ന നിരവധി പ്രകൃതിദത്ത റിസർവുകൾ സുൽത്താനേറ്റിലുണ്ട്. കഴിഞ്ഞ വർഷം ആദ്യം പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുസന്ദത്ത് നാഷനൽ നാചുറൽ പാർക്ക് റിസർവ് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.