സലാലയിലെ സംഘത്തിന്റെ ഓഫിസ് പൂട്ടിയ നിലയിൽ
സലാല: ടൂർ പാക്കേജിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന വാർത്തക്കുപിന്നാലെ സംഘം മുങ്ങി. ദിവസങ്ങൾക്കുമുമ്പ് ‘ഗൾഫ് മാധ്യമം’ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വൈറലാവുകയും നേരത്തേ തട്ടിപ്പിനിരയായ നിരവധിപേർ ഇതിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. സലാലയിലെ ഹോട്ടൽ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന അഞ്ചംഗ സംഘം വ്യാഴാഴ്ച രാവിലെ കോഴിക്കോടിനുള്ള എക്സ്പ്രസ് വിമാനത്തിനാണ് നാട്ടിലേക്ക് തിരിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധിപേരുടെ തുക ഇപ്രാവശ്യവും നഷ്ടമായതാണ് വിവരം. വാർത്ത വന്നതിന് ശേഷം നിരവധി പേർ ഇവരുടെ ബാങ്കിന്റെ സുഹാർ ബിൽഡിങ്ങിലെ ഓഫിസിലെത്തി തുക തിരികെ വാങ്ങി. ആളുകൾ കൂട്ടമായി വന്ന് പ്രശ്നമാവുമെന്ന് കണ്ടാണ് മുങ്ങിയതെന്നാണ് അറിയുന്നത്. വടക്കേ ഇന്ത്യക്കാരായ അഞ്ച് ജീവനക്കാരാണ് ഇവിടെ ഓപറേഷൻ നടത്തിയിരുന്നതെന്നാണ് മനസ്സിലാകുന്നത്. ഇവർ കോഴിക്കോട് വഴി വടക്കേ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് മനസ്സിലാകുന്നത്.
തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിക്ക് വ്യാഴാഴ്ച രാവിലെ 200 റിയാൽ മടക്കിനൽകാമെന്ന് പറഞ്ഞിരുന്നു. രാവിലെ ചെന്നപ്പോൾ ഓഫിസ് പൂട്ടിയ നിലയിലാണ് കണ്ടത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തട്ടിപ്പുസംഘത്തിന് നേതൃത്വം വഹിച്ചിരുന്ന തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനും മാവേലിക്കര സ്വദേശി സലീന ഷബാനയും വർഷങ്ങളായി നാട്ടിൽ പോയിട്ടില്ല. ഇവർ ഹോങ്കോങ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അസൂത്രണം നടത്തുന്നതെന്ന് നേരത്തേ ഇവർക്കെതിരെ നിയമപോരാട്ടം നടത്തിയ പ്രവാസി വ്യവസായി പറഞ്ഞു. സലാലയിൽ ഇവർക്കെതിരെ കേസിന് പോകാൻ നിയമപരമായ പരിമിതികൾ ഉണ്ടെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനനും പറഞ്ഞു. ഇത്തരം മോഹിപ്പിക്കുന്ന ഓഫറുകൾക്ക് തുക കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യവും പ്രവാസി കുടുംബങ്ങളിൽനിന്ന് പതിനായിരക്കണക്കിന് റിയാൽ തട്ടിയെന്നാണ് മനസ്സിലാകുന്നതെന്ന് മറ്റൊരു സാമൂഹികപ്രവർത്തകനും പറഞ്ഞു. ഇദ്ദേഹം ഇടപെട്ട് രണ്ടായിരം റിയാലോളം ഈ സംഘത്തിൽ നിന്ന് മടക്കി വാങ്ങിപ്പിച്ചിരുന്നു. സാധാരണഗതിയിൽ ഇനി അടുത്ത ഇരകൾക്കായി വലയുമായി ബഹ്റൈനിലേക്കോ ഷാർജയിലേക്കോ ഇവർ തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.