ടൂർ ഓഫ് സലാലക്ക് തുടക്കമായി; ഒന്നാം ഘട്ടത്തിൽ ജെറോൺ ചാമ്പ്യൻ
സലാല: ഒമാൻ സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ആറാമത് ‘ടൂർ ഓഫ് സലാല’ അന്താരാഷ്ട്ര സൈക്കിൾ റേസിന്റെ ഒന്നാം ഘട്ടത്തിൽ വിക്ടോറിയ സ്പോർട്സ്' ടീം അംഗം ന്യൂസിലാൻഡ് താരം ജെറോൺ മൈജേഴ്സ് ചാമ്പ്യനായി. അൽ മുഗ്‌സൈൽ പ്രദേശത്തുനിന്ന് ആരംഭിച്ച് മിർബാത് വിലായത്ത് കോട്ടയിൽ സമാപിച്ച ഒന്നാം ഘട്ട റേസിന് 127 കിലോമീറ്റർ ദൂരമാണുണ്ടായിരുന്നത്. 16 പ്രാദേശിക-അന്തർദേശീയ ടീമുകളിൽ നിന്നായി 95 റൈഡർമാർ മത്സരത്തിൽ പങ്കെടുത്തു.
ആസ്ത്രേലിയൻ താരം കാർട്ടർ ബീറ്റിൽസ് (ടീം റൊജായ്) രണ്ടാം സ്ഥാനവും അയർലൻഡ് താരം സൈമൺ ബെല്ലോ (ടീം ലി നിംഗ് സ്റ്റാർ) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം ഘട്ടത്തിലെ ഏറ്റവും മികച്ച ടീമായി ‘വിക്ടോറിയ സ്പോർട്സ്’ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിന് ശേഷം നടന്ന ചടങ്ങിൽ അൾജീരിയൻ സൈക്ലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ഖൈറുദ്ദീൻ ബർബാരി, ഒമാൻ സൈക്ലിംഗ് അസോസിയേഷൻ ചെയർമാൻ സെയ്ഫ് ബിൻ സെബാ അൽ റഷീദി എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
തിങ്കളാഴ്ച നടക്കുന്ന രണ്ടാം ഘട്ട മത്സരം അൽ ദഹാരീസ് ബീച്ചിൽ നിന്ന് ആരംഭിച്ച് വാദി ദർബാത്തിൽ സമാപിക്കും. 108 കിലോമീറ്ററാണ് ദൂരം. ദോഫാർ ഗവർണറേറ്റിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും ആഗോളതലത്തിൽ ഉയർത്തിക്കാട്ടുക, അന്താരാഷ്ട്ര സൈക്ലിംഗ് യൂണിയന്റെ അംഗീകാരമുള്ള മത്സരങ്ങളിലൂടെ ഒമാനെ ആഗോള കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്നിവയാണ് ടൂർ ഓഫ് സലാലയിലൂടെ ലക്ഷ്യമിടുന്നത്.
ഒമാനി റൈഡർമാരുടെ കായികക്ഷമത വർധിപ്പിക്കാനും പുതിയ പ്രതിഭകളെ കണ്ടെത്താനും ഇത്തരം മത്സരങ്ങൾ സഹായകരമാകുമെന്ന് ഒമാൻ സൈക്ലിംഗ് അസോസിയേഷൻ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.