ഒമാനിൽ ഈ മാസം വൈറൽ പനി വ്യാപനത്തിന് സാധ്യത; ബോധവത്കരണവുമായി ആരോഗ്യ മന്ത്രാലയം
മസ്‌കറ്റ്: ഒമാനിൽ സീസണൽ പനി വൈറസുകൾ സെപ്തംബർ മാസത്തോടെ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ പനി വ്യാപനം മേയ് പകുതി വരെ നീണ്ടുനിന്നേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ സീസണൽ ഇൻഫ്ലുവൻസ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഒമാനിലെ ഉപോഷ്ണമേഖലാ കാലാവസ്ഥ കാരണം സീസണൽ ഇൻഫ്ലുവൻസ വൈറസുകൾ വർഷം മുഴുവനും രാജ്യത്ത് നിലനിൽക്കാറുണ്ട്. വർഷം മുഴുവൻ പനി വൈറസുകൾ ഉണ്ടെങ്കിലും, പൊതുവെ സെപ്തംബർ മാസം മുതൽ ഇവയുടെ വ്യാപനം കൂടുതൽ ശക്തമാകാറുണ്ട്. ഈ രോഗവ്യാപന സാധ്യത അടുത്ത വർഷം മേയ് പകുതി വരെ തുടർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.രോഗബാധയേറ്റാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ള ചില പ്രത്യേക വിഭാഗങ്ങൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നതിന് മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്.
65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവരും കുട്ടികളും, ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് തയ്യാറെടുക്കുന്നവർ തുടങ്ങിയവർ വാക്സിൻ നിർബന്ധമായും എടുക്കേണ്ട മുൻഗണനാ വിഭാഗങ്ങളിൽ ഉൾപെടുന്വരാണ്. ഇവർക്കുള്ള വാക്സിൻ കാമ്പയിൻ ആരോഗ്യ മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു.
മുൻഗണനാ പട്ടികയിൽ ഇല്ലാത്ത പൊതുജനങ്ങൾക്കും പ്രവാസികൾക്കും ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ക്ലിനിക്കുകൾ വഴി വാക്സിൻ ലഭ്യമാണ്. ലക്ഷണങ്ങൾ കഠിനമാകുകയാണെങ്കിൽ സ്വയംചികിത്സ ഒഴിവാക്കി എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സഹായം തേടണം.
പനി പടരാതിരിക്കാൻ മുൻകരുതലുകൾ
- വ്യക്തിശുചിത്വം പാലിക്കുക: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടക്കിടെ നന്നായി കഴുകുക.
- തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്രദ്ധിക്കുക: വായയും മൂക്കും ടിഷ്യൂ കൊണ്ടോ കൈമുട്ടുകൊണ്ടോ മറച്ചുപിടിക്കുക.
- മാസ്‌ക് ധരിക്കുക: പനിയുള്ളവരുമായി ഇടപഴകുമ്പോഴും ജനത്തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക.
- വിശ്രമം ഉറപ്പാക്കുക: രോഗലക്ഷണങ്ങൾ ഉള്ളവർ പനി മാറി കുറഞ്ഞത് 24 മണിക്കൂർ തികയുന്നതുവരെ ഓഫീസുകളിലോ സ്കൂളുകളിലോ പോകാതെ വീട്ടിൽ തന്നെ വിശ്രമിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.