മസ്കത്ത്: ജൂലൈയിൽ ഒമാനിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞപ്പോൾ പുറം രാജ്യങ്ങളിലേക്ക് പോയവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ. ഒമാനിലേക്കുള്ള സഞ്ചാരികൾ ഏഴു ശതമാനം കുറഞ്ഞ് 2.78 ലക്ഷം ആയി. ഇതിൽ 69.1 ശതമാനം പേരും ഗൾഫ് രാഷ്ട്രങ്ങളിൽനിന്നുള്ളവരാണ്. ഇന്ത്യക്കാർ, ബ്രിട്ടീഷുകാർ, പാകിസ്താനികൾ എന്നിവരാണ് തൊട്ടുപിന്നിൽ. ഒമാന് പുറത്തേക്ക് പോയവരുടെ എണ്ണം 37.4ശതമാനം വർധിച്ചതായും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
പുറം രാജ്യങ്ങളിലേക്ക് പോയവരിൽ 75.1 ശതമാനം പേരും സ്വദേശികളാണ്. പ്രതിവർഷം 43 ശതമാനം എന്ന തോതിലാണ് ഒമാന് പുറത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതെന്ന് കണക്കുകൾ പറയുന്നു. സ്വദേശികൾ കൂടുതലും ചികിത്സ ആവശ്യാർഥമാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് ട്രാവലിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. വേനലവധി ചെലവഴിക്കാൻ പോകുന്നവരും ഏറെയാണ്. സ്കൂൾ അവധിക്കാലമായതിനാൽ വിദേശി കുടുംബങ്ങൾ മടങ്ങിയതിനാലാണ് പുറം രാജ്യങ്ങളിലേക്കുള്ളവരുടെ എണ്ണം വർധിക്കാൻ കാരണമെന്നും ട്രാവലിങ് മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. വരുമാന വർധനവിെൻറ ഭാഗമായി നിരവധി വിദേശ രാജ്യങ്ങൾ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കിയതും സഞ്ചാരികളുടെ എണ്ണത്തിലെ വർധനവിന് കാരണമായി.
അതേസമയം, ടൂറിസം മേഖലയിലെ വരുമാനം വർധിപ്പിക്കാനായി രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാൻ. നിലവിലെ 15 ലക്ഷം സഞ്ചാരികളുടെ എണ്ണം 2040ഒാടെ 50 ലക്ഷമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഏഷ്യൻ രാഷ്ട്രങ്ങളിൽനിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാനെന്ന് ട്രാവൽ ന്യൂസ് ഡൈജസ്റ്റിൽ െഎക്യരാഷ്ട്ര സഭാ ടൂറിസം ഒാർഗനൈസേഷൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഏഷ്യൻ രാഷ്ട്രങ്ങൾക്ക് പുറമെ അമേരിക്കയിൽനിന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് കൂടുതൽ കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത ബിൻത് സൈഫ് അൽ മഹ്റൂഖിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.