മസ്കത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കലാപരിപാടിയിൽനിന്ന്​-വി.കെ. ഷെഫീർ

സാഹചര്യം അനുകൂലം; സ്റ്റേജ് പരിപാടികൾ വീണ്ടും കളർഫുൾ

മസ്കത്ത്: നീണ്ട ഇടവേളക്കുശേഷം ഒമാനിൽ സ്റ്റേജ് പരിപാടികൾ വീണ്ടും സജീവമായി. കഴിഞ്ഞ ഒക്ടോബർ ഏഴിന് ആരംഭിച്ച ഫലസ്തീൻ ഇസ്രായേൽ യുദ്ധത്തിനു ശേഷം ഒമാനിൽ സ്റ്റേജ് പരിപാടികൾക്ക് അംഗീകാരം നൽകിയിരുന്നില്ല. ഒമാൻ സർക്കാറിന്റെ തീരുമാനം തികച്ചും ഉചിതമായിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ചിരുന്ന നിരവധി സ്റ്റേജ് പരിപാടികൾ നിർത്തിവെക്കേണ്ടി വന്നിരുന്നു.

നിരവധി മെഗാ ഇവന്റുകളും ഇതിൽ ഉൾപ്പെടും. തുടർന്നുള്ള നാല് മാസങ്ങൾ ഒമാനിൽ സ്റ്റേജ് പരിപാടികൾ നിലക്കുകമാത്രമല്ല ഒരു വിനോദ പരിപാടിക്കും അംഗീകാരവും നൽകിയിരുന്നില്ല. ഇതോടെ കലാ ലോകം നിശ്ശബ്ദതയിലായിരുന്നു. സ്റ്റേഡിയങ്ങളിലും ഹാളുകളിലും ഒരനക്കവുമുണ്ടായിരുന്നില്ല. ഇത് കലാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും പ്രതികൂലമായി ബാധിച്ചു.

സ്റ്റേജ് പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഡിയോ വിഷ്വൽ വിഭാഗം, ഇവന്റ് കമ്പനികൾ, ഡാൻസ് ട്രൂപ്പുകൾ, സംഗീത ഉപകരണ മേഖലയിലുള്ളവർ, വാടക മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ നിരവധി വിഭാഗങ്ങളെ കലാ മേഖലയിലെ നിശ്ചലത്വം ബാധിച്ചു. കോവിഡ് കാലത്തെ വൻ പ്രതിസന്ധിക്ക് ശേഷം ഇവന്‍റ് മേഖല ഉണർന്നെഴുനേൽക്കാൻ തുടങ്ങുമ്പോഴായിരുന്നു പുതിയ വെല്ലുവിളി.

എന്നാൽ സ്റ്റേജ് പരിപാടികൾക്ക് അനുവാദം നൽകാൻ തുടങ്ങിയതോടെ നിരവധി പരിപാടികളാണ് അരങ്ങിലെത്തുന്നത്​. അതോടൊപ്പം ഫുട്ബാൾ ടൂർണമെന്റുകളും സ്റ്റേഡിയങ്ങൾ നിറഞ്ഞാടുന്നുണ്ട്​. റമദാൻ കഴിഞ്ഞതോടെ ഹാളുകളും ആംഫീതീയേറ്ററുകളിലും വൻ ബുക്കിങ്ങാണുള്ളത്. വെള്ളിയാഴ്ച ദിവസങ്ങളിൽ നിരവധി പരിപാടികളാണ് നടക്കുന്നത്. വെള്ളിയാഴ്ച തന്നെ നാലോ അഞ്ചോ പരിപാടികൾ മസ്കത്ത് മേഖലയിൽ മാത്രം നടക്കുന്നുണ്ട്.

ഒമാനിലെ ഫുട്ബാൾ ആരാധകരെ കിടിലം കൊള്ളിക്കുന്ന ഗൾഫ്​ മാധ്യമം സോക്കർ ഫുട്ബാൾ മാമാങ്കം ബൗഷറിൽ നടക്കും. ഖുറം ആംഫി തീയേറ്ററിൽ ഡി.ഡി.എയുടെ ഡാൻസ് പരിപാടി, റൂവി അൽ ഫലാജ് ഹോട്ടലിൽ പയ്യന്നൂർ കാലാവേദിയുടെ നാടകപരിപാടി, മസ്കത്തിൽ തന്നെ മെന്റലിസ്റ്റ് ആദിയുടെ പരിപാടിയും നടക്കുന്നു. പേരറിയാത്ത മറ്റു നിരവധി പരിപാടികളും വേറെയുമുണ്ട്. ഇവയിലധികവും സൗജന്യ പ്രവേശനം അനുവദിക്കുന്നവയുമാണ്. ഇതോടെ കലാ കായിക മേഖലയിൽ താൽപര്യമുള്ളവർ എങ്ങോട്ട് പോവണമെന്നാ ശങ്കയിലാണ്.

തുടർന്നുള്ള ആഴ്ചകളിലും നിരവധി പരിപാടികളുടെ നിര തന്നെയുണ്ട്. കമ്പനികളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികൾ വേറെയുമുണ്ട്. അടുത്ത മാസം മധ്യം വരെ പരിപാടികളുടെ നിരതന്നെയുണ്ടാവും. പിന്നീട് കാലാവസ്ഥ പ്രതികൂലമാവാൻ തുടങ്ങുന്നതോടെ പരിപാടികൾ നിലക്കും. ഏതായാലും അടുത്ത മാസം മൂന്നാം പാദത്തോടെ സ്റ്റേജ് പരിപാടികൾക്ക് താൽക്കാലികമായി തിരശ്ശീല വീഴും. കടുത്ത ചൂടും ജൂൺ മുതൽ ആരംഭിക്കുന്ന സ്കൂൾ അവധിയുമൊക്കെ സ്റ്റേജ് പരിപാടികളെ പ്രതികൂലമായി ബാധിക്കും. ചുട് വർധിക്കുന്നതോടെ തന്നെ പൊതു പരിപാടികൾ നിലക്കും.

പിന്നീട് ഓണ പരിപാടികേളാടെയാണ് കലാ കായിക മേഖല വീണ്ടും ഉണരുക. സ്കൂളുകൾ അടക്കുന്നതോടെ വിദ്യാർഥികൾക്കൊപ്പം വലിയ ശതമാനം രക്ഷിതാക്കളും നാട്ടിലേക്ക് പോവുന്നത് പൊതുവെ വരണ്ട അവസ്ഥയുണ്ടാക്കും. അതിനാൽ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം തൊട്ടടുത്ത വാരാന്ത്യങ്ങളിൽ നടത്താനാണ് സംഘാടകർ ശ്രമിക്കുന്നത്. എന്നാൽ ഹാളുകളും മറ്റും നേരത്തെ ബുക്കിങ്ങായതും പരിപാടികൾ നടത്താൻ പറ്റിയ ഇടങ്ങൾ ലഭിക്കാത്തതും സംഘാടകരെ കുഴക്കുന്നുണ്ട്. അതിനാൽ പരിപാടികൾക്ക് പുതിയ ഹാളുകൾ തേടി പോവുകയാണ് സംഘാടകർ.

Tags:    
News Summary - The situation is favorable; The stage shows are colorful again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.