മസ്കത്ത്: ഗസ്സ മുനമ്പിലെ സാധാരണക്കാരെ ഇസ്രായേൽ അധിനിവേശ സേന തുടർച്ചയായി ലക്ഷ്യമിടുന്നതിലും നിരവധി ദുരിതാശ്വാസ പ്രവർത്തകരെ കൊലപ്പെടുത്തിയതിലും ഒമാൻ അപലപിച്ചു. ഗസ്സ മുനമ്പിലെ സന്നദ്ധ പ്രവർത്തകരയും പ്രതിരോധരഹിതരായ സിവിലിയന്മാരെയും ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണം വംശഹത്യ നയത്തിന്റെ തുടർച്ചയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പട്ടിണികൊണ്ട് വലയുന്ന ഫലസ്തീനിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ ‘വേൾഡ് സെൻട്രൽ കിച്ചണി’ന്റെ ഏഴു പ്രവർത്തകരെയാണ് ഇസ്രായേൽ ബോംബിട്ടുകൊന്നത്. ഇതിൽ നാലുപേർ വിദേശ പൗരന്മാരാണ്. തങ്ങളുടെ വംശജൻ ഉൾപ്പെടെ അന്താരാഷ്ട്ര സന്നദ്ധ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ അമേരിക്ക അടക്കം വിദേശ രാജ്യങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സെൻട്രൽ ഗസ്സയിലെ ദേൽ അൽ ബലാഹിലാണ് ഇസ്രായേൽ ക്രൂരത കാട്ടിയത്. കൊല്ലപ്പെട്ടവരിൽ യു.എസ്, ആസ്ട്രേലിയ, ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ളവരും ഫലസ്തീനികളും പെടുന്നു.
ദേർ അൽ ബലാഹിലെ വെയർഹൗസിൽനിന്ന് 100 ടൺ ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിലാണ് ഇസ്രായേൽ ബോംബ് വർഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.