ഇബ്രി മലയാളി അസോസിയേഷൻ (ഇമ) അംഗങ്ങൾക്കായി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽനിന്ന്
ഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ (ഇമ) അംഗങ്ങൾക്കായി സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ നബ്രാസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. നോമ്പിന്റെ ആത്മീയ ചൈതന്യം ഉയർത്തിപ്പിടിക്കുന്നതും പരസ്പര സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതുമായ അന്തരീക്ഷത്തിലാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. വ്യത്യസ്ത മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മഹത്വത്തെ പരസ്പരം ബഹുമാനിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മനസ്സോടെ അംഗീകരിക്കുകയും ചെയ്യുന്ന സംസ്കാരം സമൂഹത്തിൽ വളരേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വിവിധ സമുദായങ്ങളിൽനിന്നുള്ള സഹോദര സമൂഹങ്ങളുടെ പിന്തുണയും സഹകരണവും ഇത്തരം അവസരങ്ങളിൽ പ്രകടമാണെന്നും സഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സൗഹൃദ കൂട്ടായ്മകൾ ഏറെ പ്രചോദനമാകുന്നതായും സംഗമത്തിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന നിലവിലെ സാഹചര്യങ്ങളും അതിന്റെ പശ്ചാത്തലത്തിൽ പ്രവാസികളായ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ നേരിടുന്ന ആശങ്കകളും സംഗമത്തിൽ പങ്കുവെക്കപ്പെട്ടു. ലോകത്ത് സമാധാനവും സൗഹൃദവും പുനഃസ്ഥാപിക്കണമെന്ന പ്രാർഥനയും നടത്തി.
പ്രസിഡന്റ് ജമാൽ ഹസൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വൽസ നന്ദി പറഞ്ഞു. ബാബു കൊരട്ടി പരിപാടികൾക്ക് നേതൃത്വം നൽകി. ഇമയുടെ പുതിയ ഭാരവാഹികളായി അരുൺ (പ്രസി.), അരുൺ ദേവ് (വൈസ് പ്രസി.), വത്സ (സെക്ര.), രജീഷ (ജോ.സെക്ര.), ജോസഫ് മൈക്കിൾ, നിതിൻ പ്രകാശ് (ട്രഷറർമാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.