മസ്കത്ത്: കടൽത്തീരത്തോട് ചേർന്ന് വട്ടമിട്ട് പറക്കുന്ന പക്ഷികൾ, ജനം തടിച്ച്കൂട്ടിയുണ്ട്. കാര്യമറിയാൻ കൗതുകത്തോടെയെത്തിവർ പലരും കണ്ടത് അതിശയകരമായ കാഴ്ചയായിരുന്നു. അൽ ഹെയിൽ ബീച്ചിൽ ചാകരയെത്തി. വന്നവരും നിന്നവരും കണ്ടവരും കൈയിലൊതുക്കാൻ പറ്റുന്നത്രയും വാരിക്കൂട്ടി പെട്ടിയിലാക്കി.
മത്സ്യത്തൊഴിലാളികൾക്ക് ബോട്ടിൽ കയറ്റാനാവത്ത വിധം മീനുകൾ വലയിൽ കുരുങ്ങിയിരുന്നു. ഒട്ടും താമസിക്കാതെ ജീപ്പിന്റെ സഹായത്തോടെ വലിച്ചുകെട്ടിയാണ് വലയിൽ കുരുങ്ങിയ മീനുകളെ മുഴുവനും കരക്കടുപ്പിച്ചത്. ചുറ്റും തടിച്ചുകൂടിയ മലയാളികളുൾപ്പെടെയുള്ളവർക്കെല്ലാം ഒമാനിലെത്തിയിട്ട് ഇത് ആദ്യ കാഴ്ചാനുഭവമായിരുന്നു.
സമീപമുണ്ടായിരുന്നവരെല്ലാം കഴിയുന്നത്രയും മത്സ്യം വാരിക്കൂട്ടിയെങ്കിലും പിന്നെയും ബാക്കിവന്നു. അപ്രതീക്ഷിതമായി ചാകരയെത്തിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കും അനുഗ്രഹമായി. ബാക്കി വന്ന മത്സ്യങ്ങൾ മുഴുവനും സമീപത്തുണ്ടായിരുന്നവർക്കെല്ലാം വിതരണം ചെയ്ത ശേഷമാണ് മത്സ്യത്തൊഴിലാളികളും മടങ്ങിയത്. തക്കസമയത്ത് ബീച്ചിലെത്തിയ പലരും മത്സ്യം വാരിക്കൂട്ടാനായതിന്റെ സന്തോഷവുമായാണ് മടങ്ങിയത്. കാറ്റ്, ഒഴുക്ക്, തിര, ചളി, സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവ മൂലമാണ് ചാകര ഉണ്ടാവുന്നത്. രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചളിയും എക്കലും ഒരു സ്ഥലത്ത് അടിഞ്ഞുകൂടുന്നു. എന്നാൽ കടൽ ഇവയെ പുറന്തള്ളുന്നു. മീനുകൾക്ക് ഭക്ഷണസങ്കേതമാകുന്ന ഇവിടേക്ക് വൻതോതിൽ മീനുകൾ എത്തിച്ചേരും.രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ ഈ ചളിക്കലക്കം ഒരിടത്തുതന്നെ നിന്നശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിന് പ്രത്യേക ശാന്തതയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.