ഖസബ് വിലായത്തിലെ ടെലിഗ്രാഫ് ദ്വീപ്
മസ്കത്ത്: മുസന്ദം ഗവർണറേറ്റ് ഖസബ് വിലായത്തിലെ ചരിത്ര പ്രസിദ്ധമായ ടെലിഗ്രാഫ് ദ്വീപ് വികസനം അതിവേഗം പുരോഗമിക്കുന്നു. പദ്ധതി 50 ശതമാനം പൂർത്തിയായി. പരിസ്ഥിതി ടൂറിസം സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. സ്ഥലത്തിന്റെ ചരിത്രപരമായ മൂല്യം പുനരുജ്ജീവിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് വികസന പ്രവർത്തനങ്ങളെന്ന് മുസന്ദം മുനിസിപ്പാലിറ്റിയിലെ പ്രോജക്ട്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിനീയർ അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഷെഹി പറഞ്ഞു.
സമുദ്ര ആശയവിനിമയത്തിന്റെ മറന്നുപോയ കഥ പറയുന്നതും ചരിത്രപരമായ സ്ഥലങ്ങളുടെ വികസനത്തിന് ഒരു മാതൃകയായി വർത്തിക്കുന്നതുമായ ഒരു പ്രാദേശിക, ആഗോള ആകർഷണമായി ദ്വീപിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
പരിസ്ഥിതി ടൂറിസം സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മുസന്ദം മുനിസിപ്പാലിറ്റി, ഒ.ക്യു കമ്പനി, പൈതൃക ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 130 ചതുരശ്ര മീറ്റർ പൊതു സേവന കെട്ടിടത്തോട് അനുബന്ധിച്ച് 731 ചതുരശ്ര മീറ്റർ മൾട്ടി പർപ്പസ് ഹാൾ, സീ ലാൻഡിങ് പ്ലാറ്റ്ഫോം, മലയോര നടപ്പാത, ദ്വീപിലേക്കുള്ള പ്രവേശനത്തിനായി അതിന്റെ അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ ഒരു ഗാർഡ് റൂം, വൈദ്യുതി ജനറേറ്ററുകൾക്കും ഇന്ധന ടാങ്കുകൾക്കുമുള്ള ഒരു കെട്ടിടം, നിലകളുള്ള ഒരു മേലാപ്പ് ഏരിയ എന്നിവയുടെ നിർമാണവും പദ്ധതിയിൽ വരുന്നുണ്ട്.
ടെലിഗ്രാഫ് ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മുസന്ദം മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. ടെലിഗ്രാഫ് ദ്വീപ് അല്ലെങ്കിൽ ജസിറത്ത് അൽ മഖ്ലബ് സ്ഥിതി ചെയ്യുന്നത് മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലാണ്. ചുറ്റും ഉയരമുള്ള പർവതങ്ങളാലും നീല വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.
മുസന്ദം ഗവർണറേറ്റിലെ ഏറ്റവും പ്രശസ്തമായ ലഗൂണുകളിൽ ഒന്നായ ഖോർ ഷാമിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സമുദ്ര ദ്വീപുകളും ചിതറിക്കിടക്കുന്ന ഗ്രാമങ്ങമുള്ള ഖോർ ഷാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്.
1864ൽ ദ്വീപിൽ നിർമിച്ച ടെലിഗ്രാഫ്-കേബിൾ റിപ്പീറ്റർ സ്റ്റേഷനിൽ നിന്നാണ് ‘ടെലിഗ്രാഫ്’ എന്ന പേര് വന്നത്. ലണ്ടൻ മുതൽ കറാച്ചി വരെയുള്ള ടെലിഗ്രാഫിക് കേബിളിന്റെ ഭാഗമായ ഗൾഫ് അന്തർവാഹിനി കേബിളിലൂടെ ടെലിഗ്രാഫിക് സന്ദേശങ്ങൾ വർധിപ്പിക്കാൻ ബ്രിട്ടീഷ് റിപ്പീറ്റർ സ്റ്റേഷൻ ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.