നിരവധി പ്രവാസികളടക്കം കുടുങ്ങി; മണിക്കൂറുകളോളം ദുരിതം
മസ്കത്ത്: മുംബൈയിൽനിന്ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 235) സാങ്കേതിക തകരാറിനെത്തുടർന്ന് 12 മണിക്കൂറോളം വൈകിയതോടെ പ്രവാസികളടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. ശനിയാഴ്ച രാത്രി മുബൈയിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മസ്കത്തിലേക്ക് ശനിയാഴ്ച രാത്രി 9.50ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 235 വിമാനത്തിൽ പ്രായമായവരും കുട്ടികളും രോഗികളുമടക്കം ഏകദേശം 170 യാത്രക്കാരാണുണ്ടായിരുന്നത്.
സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം അരമണിക്കൂർ വൈകുമെന്നാണ് ആദ്യം യാത്രക്കാരെ അറിയിച്ചത്. ബോർഡിങ് പൂർത്തിയാക്കിയ ശേഷം ഏകദേശം മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളിൽ തന്നെ ഇരുത്തി. തകരാർ പരിഹരിക്കാൻ കഴിയാതായതോടെ പിന്നീട് എല്ലാവരെയും പുറത്തിറക്കി.
എന്നാൽ, വിമാനത്തിൽ നിന്നിറക്കിയ യാത്രക്കാർക്ക് ട്രാൻസിറ്റ് പാസുകൾ നൽകുകയും വീണ്ടും സെക്യൂരിറ്റി ക്ലിയറൻസ് നടപടികൾക്ക് വിധേയരാകാൻ നിർദേശിക്കുകയും ചെയ്തത് രോഗികൾക്കും മുതിർന്ന പൗരന്മാർക്കും പ്രയാസമുണ്ടാക്കി.
രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിഞ്ഞ യാത്രക്കാർക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും വിമാനക്കമ്പനി ജീവനക്കാർ കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും പരാതിയുയർന്നു. വീൽചെയർ ആവശ്യമുള്ളവർക്ക് അത് നൽകാൻ പോലും അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. പലതവണ സമയം മാറ്റിയ ശേഷം, ഞായറാഴ്ച പുലർച്ച 7.20ഓടെയാണ് വിമാനം മുംബൈയിൽനിന്ന് പുറപ്പെട്ടത്. രാവിലെ 9.20ഓടെ മസ്കത്തിൽ എത്തിച്ചേർന്നു.
ഒമാനിൽ ഞായറാഴ്ച പ്രവൃത്തിദിവസം ആരംഭിക്കുന്ന ദിവസമായതിനാൽ, വിമാനം വൈകിയത് ജോലിക്ക് ഹാജരാകേണ്ടിയിരുന്ന പല പ്രവാസികളെയും പ്രതികൂലമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.