മസ്കത്ത്: വരുന്ന വേനൽ കാലത്തെ ചൂടിനെ പ്രതിരോധിക്കാൻ കൂടുതൽ വൈദ്യുതി ഉത്പാദനവുമായി അധികൃതർ. ഈ വേനലിൽ പത്ത് ശതമാനം വൈദ്യുതി അധികം ഉൽപാദിപ്പിക്കുമെന്ന് ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി അധികൃതർ പറഞ്ഞു. സാങ്കേതിക ടീം തയാറായിക്കഴിഞ്ഞതായി വൈദ്യുത വിതരണ കമ്പനി അധികൃതർ വ്യക്തമാക്കി.
കൂടാതെ ഇബ്രി, റുസ്താഖ് എന്നിവിടങ്ങളിലെ വൈദ്യുത പദ്ധതികളെ മസ്കത്ത് ഗവർണറേറ്റുകളിലെ ജാഫ്നൈനുമായി ബന്ധിപ്പിക്കുന്ന 400 കെ.വി വൈദ്യുതി ലൈനുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇത് വൈദ്യുതി കൈമാറ്റം ശക്തിപ്പെടുത്താൻ സഹായകമാവും. ഇത് ആരംഭിച്ചാലുണ്ടാവുന്ന അറ്റകുറ്റപ്പണികൾ, സാങ്കേതിക ടീം അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികൾ എന്നിവയും പഠനം നടത്തുന്നുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
വരുന്ന ചൂട് കാലത്ത് കൂടുതൽ വൈദ്യുതി എത്തിക്കാൻ സങ്കേതിക ടീം അടക്കം എല്ലാ സമിതികളും തയാറെടുപ്പ് നടത്തി കഴിഞ്ഞതായി ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ജനറൽ മാനേജർ സുൽത്താൻ അൽ റവാഹി അറിയിച്ചു. ഇതിൽ 1000 മെഗാ വാട്ട് സൗരോർജ്ജ പദ്ധതിയും ഉൾപ്പെടും.
ഏറ്റവും ഉയർന്ന നിലവാരമുള്ള ഇലക്ട്രിസിറ്റി നെറ്റ് വർക്കാണ് ഒമാനിൽ നടത്തുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. ഒമാനിൽ 132 കെവി വോൾട്ടേജും അതിലധികവും വരുന്ന വിതര ശൃംഖലകളാണ് കമ്പനിക്കുള്ളത്. ജി.സി.സി വിതണര ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 220 കെ.വി ഇന്റർ കണക്ഷനുകളും കമ്പനിക്കുണ്ട്. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലേക്കും ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് അനായാസമായി വൈദ്യുതി എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.