സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷത്തിനിടെ യുനൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിച്ചു.
ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ ഏകോപനം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം യു.എ.പ്രസിഡന്റും സുൽത്താനും ഊന്നിപ്പറഞ്ഞു. മേഖല ഉയർന്ന അസ്ഥിരത നേരിടുന്ന സമയത്ത് നയതന്ത്രത്തിന്റെയും സംയമനത്തിന്റെയും ആവശ്യകതയും ചൂണ്ടിക്കാണിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമൻ
ഇറാൻ പ്രദേശത്ത് അമേരിക്ക നടത്തിയ ആക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായി എതിർക്കുകയും, അത്തരം നടപടികൾ സ്ഥിതിഗതികൾ വഷളാക്കാനും സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താനും മാത്രമേ സഹായിക്കൂ എന്ന് അവർ പറഞ്ഞു. ഈ ഘട്ടത്തിലെ സൈനിക ആക്രമണങ്ങൾ നയതന്ത്ര പുരോഗതിയെ തടസ്സപ്പെടുത്തുകയും മേഖലയിലുടനീളം അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.
നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി കിരീടാവകാശിയും സുൽത്താനും തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കി. ഇറാനും ഇസ്രായേലും തമ്മിലുള്ള ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളിലും ചില ഇറാനിലെ യു.എസ് ഇടപെടലിനെ കുറിച്ചും ചർച്ചകൾ നടന്നു. ഈ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ചും മേഖലയിലെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഹൈതം ബിൻ താരിഖ് ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമനും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഗസ്സ മുനമ്പിലേയും ഇറാനെതിരായ ഇസ്രായേലി ആക്രമണത്തിൽനിന്നുള്ള തുടർച്ചയായ സംഘർഷത്തിലും യുദ്ധത്തിന്റെയും തീവ്രത കുറക്കുന്നതിനായി യോജിച്ച പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെയും തീവ്രമായ ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും രാഷ്ട്രീയ പരിഹാരങ്ങൾ ഉറപ്പാക്കുന്നതിന് സമാധാനപരമായ സംഭാഷണത്തിന്റെയും ചർച്ചകളുടെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപ്പറഞ്ഞു.
മസ്കത്ത്: ആണവ വികിരണ അപകടസാധ്യതകളിൽനിന്ന് സുൽത്താനേറ്റ് സുരക്ഷിതമാണെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദേശീയ പരിസ്ഥിതി സുരക്ഷ ചട്ടക്കൂടിന്റെ ഭാഗമായി, ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. സംഭവ വികാസങ്ങൾ സജീവമായി നിരീക്ഷിച്ചുവരികയാണ്.
വിവിധ ഗവർണറേറ്റുകളിൽ വിന്യസിച്ചിരിക്കുന്ന രാജ്യത്തിന്റെ റേഡിയേഷൻ നിരീക്ഷണ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ തത്സമയം റേഡിയേഷൻ അളവ് ട്രാക്ക് ചെയ്യുന്നുണ്ട്. നിലവിലെ ഡേറ്റയിൽ അസാധാരണമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പൗരന്മാരുടെയും താമസക്കാരുടെയും പ്രകൃതി വിഭവങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്, പ്രാദേശിക, അന്തർദേശീയ കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് 24 മണിക്കൂറും നിരീക്ഷിച്ച് വരുന്നുണ്ടെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.