മസ്കത്ത്: നാടണയാൻ വഴിയില്ലാതെ വലയുന്നവർക്ക് തുണയാകാൻ മലർവാടി ബാലസംഘം കുരുന്നുകളും. ബൗഷർ ദിശാ ഫോറം മലർവാടി കൂട്ടായ്മയിലെ വിദ്യാർഥികളാണ് തങ്ങളുടെ കൊച്ചു സമ്പാദ്യം ഗൾഫ് മാധ്യമം-മീഡിയാവൺ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് കൈമാറിയത്. ജോലിപോയും അസുഖത്തെ തുടർന്നുമെല്ലാം നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്ന മനുഷ്യരുടെ വേദനിപ്പിക്കുന്ന കഥകൾ കേട്ടപ്പോൾ ഇൗ കുരുന്നുകൾ മടിച്ചുനിന്നില്ല. തങ്ങൾ മാസങ്ങളായും കൊല്ലങ്ങളായും സ്വരൂപിച്ച തുകകളും പെരുന്നാളിന് പുത്തനുടുപ്പ് എടുക്കാൻ വേണ്ടി കരുതിവെച്ച തുകയും പെരുന്നാൾ ദിനത്തിൽ പലരും നൽകിയ സമ്മാന തുകയുമെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി നൽകി.
മൂന്നുപേർക്ക് നാട്ടിലേക്കുള്ള ടിക്കറ്റാണ് മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്കും പ്രവാസി വെൽഫെയർ ഫോറത്തിനുമായി മലർവാടി കൂട്ടുകാർ നൽകിയത്. കുട്ടികൾ നൽകിയ ഈ തുക, ദിശ ഫോറം പ്രസിഡൻറ് ജംഷീദ് ഹംസ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്കും പ്രവാസി വെൽഫെയർ ഫോറത്തിനും കൈമാറി. കുട്ടികളിൽ നല്ല ശീലം വളർത്തി എടുക്കുന്നതിനും നന്മകൾ വർദ്ധിപ്പിക്കുന്നതിനും വേറിട്ട പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന കൊച്ചുകുട്ടികളുടെ കൂട്ടായ്മയാണ് മലർവാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.