മസ്കത്ത്: ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ട് നശിപ്പിക്കുന്നത് കർശനമായി വിലക്കി അധികൃതർ രംഗത്ത്. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മണ്ണിന്‍റെ വളക്കൂറിനെ ബാധിക്കുകയും ചെയ്യും. ഈ പുക ശ്വസിച്ചാൽ ഫാമിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കാർഷിക ആവശ്യങ്ങൾ കഴിഞ്ഞുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗം എന്ന നിലക്കാണ് കർഷകർ അവ കൃഷിയിടത്തിൽതന്നെ കൂട്ടിയിട്ട് കത്തിക്കുന്നത്. ഇത് വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 'കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് പ്രയാസവും ചെലവുമില്ലാത്ത കാര്യമാണ്. പക്ഷേ, അത് മനുഷ്യർക്കും സസ്യങ്ങൾക്കും ജന്തുക്കൾക്കും പ്രകൃതിക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. സുരക്ഷിത പരിസ്ഥിതി എന്ന സർക്കാറിന്‍റെ ലക്ഷ്യത്തിന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണത്' -മസ്കത്ത് മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വിഭാഗം മേധാവി ഫാദിൽ അൽ അമിരി പറഞ്ഞു.
കാർഷിക മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അൽ അമിറാത്തിലും ബർകയിലും മുനിസിപ്പാലിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. അധികം പണച്ചെലവും മാനുഷിക അധ്വാനവും ഇല്ലാത്തതിനാലാണ് വലിയ ഫാമുടമകൾ അടക്കം കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത്. പക്ഷേ, ഇതിന്‍റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണെന്ന് അവർ മനസ്സിലാക്കുന്നില്ല. മണ്ണിന്‍റെ വളക്കൂറിനെയും ജനങ്ങളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കും. അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ തിരിച്ചടിയാകുന്നുണ്ട്. ഏതു തരത്തിലുള്ള മാലിന്യങ്ങളും പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതും കത്തിക്കുന്നതും മുനിസിപ്പാലിറ്റിയുടെ നിയമം അനുസരിച്ച് ശിക്ഷാർഹമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.