മസ്കത്ത്: മസ്കത്തിലെ കലാകായിക പ്രേമികൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ചെത്തുന്ന ‘ഗൾഫ് മാധ്യമം’ സോക്കർ കാർണിവലിന് വ്യാഴാഴ്ച ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി ഫുട്ബാളും വിനോദ പരിപാടികളും സംയോജിപ്പിച്ചു നടക്കുന്ന കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മസ്കത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ബർക്ക ബ്രദേഴ്സ് എഫ്.സി, ലയൺസ് മസ്കത്ത് എഫ്.സി, സെന്ന മലബാർ നെസ്റ്റോ എഫ്.സി, സൈനോ എഫ്.സി സീബ്, യുനൈറ്റ് കാർഗോ എഫ്.സി, മഞ്ഞപ്പട എഫ്.സി, ഫിഫ മൊബേല എഫ്.സി, ജീപാസ് എഫ്.സി, റിയലക്സ് എഫ്.സി, നേതാജി എഫ്.സി, സ്മാഷേഴ്സ് എഫ്.സി, മസ്കത്ത് ഹാമേഴ്സ് എഫ്.സി, ബ്ലുസ്റ്റാർ എഫ്.സി, സോക്കർ ഫാൻസ് ബ്രൗൺ സേഫ്റ്റി എഫ്.സി, ജി.എഫ്.സി അൽഅൻസാരി എഫ്.സി, ടോപ് ടെൻ ബർക്ക എഫ്.സി എന്നീ 16 ടീമുകളാണ് വരുന്നത്.
ആദ്യദിനം രാത്രി പത്ത് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ് സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ തുടങ്ങും.
വിജയികൾക്ക് 600റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 300റിയാലും റണ്ണേഴ്സ് ട്രോഫിയും നൽകും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിക്കും. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ.എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്.
സോക്കർ കാർണിവലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ രാജ് കലേഷും എത്തും. മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക.
വെള്ളിയാഴ്ചയാണ് കുട്ടികൾക്കും സ്ത്രീകൾക്കും ആസ്വദിക്കാവുന്ന പരിപാടികൾ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളുമായി 20ൽ അധികം ഫുഡ്സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഒപ്പം രാജ്യത്തെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ ഫുഡ്ലാൻഡ്സിന്റെ ലൈവ് കൗണ്ടറിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാനും കഴിയും.
ഭക്ഷണ പ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ എന്നിവയും കാർണിവലിന്റെ ആകർഷകമായുണ്ടാകും.
വിവിധങ്ങളായ വിനോദ പരിപാടികളോടുകൂടിയ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, കസേരക്കളി, മറ്റ് മത്സരങ്ങളും നടക്കും. കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാണിവൽ നഗരിയെ ഇളക്കിമറിക്കുന്നതായിരിക്കും കലേഷിന്റെ പ്രകടനം.
സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും. ലുലു എക്സ്ചേഞ്ച് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ അൽഹാജിസ് പെർഫ്യൂംസ്, നദഹാപ്പിനസ്, ബദ്ർ അൽസമ, യുനൈറ്റഡ് കോർഗോ തുടങ്ങിയ കമ്പനികൾ ‘സോക്കർ കാർണിവലുമായി കൈകോർക്കുന്നുണ്ട്.
അനസ് എടത്തൊടിക, രാജ് കലേഷ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.