സലാല: സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 37 വർഷത്തെ പ്രവാസത്തിനൊടുവ ിൽ തൃശൂർ തിരുവില്ലാമല സ്വദേശി യു.പി. ശശീന്ദ്രൻ മടങ്ങുന്നു. ജീവകാരുണ്യരംഗത്ത് സലാ ലയിലെ പ്രവാസി സമൂഹത്തിെൻറ അത്താണിയായിരുന്നു ഇദ്ദേഹം. 1983ലാണ് ഇദ്ദേഹം സലാലയിലെത്ത ിയത്. 89 വരെ അൽഫ ഇലക്ട്രിക്കൽസിൽ ആയിരുന്നു ജോലി. 1997ൽ ബാബൂദിൽ ജോലിക്ക് കയറി. ബാബൂദിൽ ഇലക്ട്രിക്കൽ സെയിൽസ് ഡിവിഷൻ മാനേജറായാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.ഇന്ത്യൻ വെൽെഫയർ ഫോറം സലാലയുടെ പ്രസിഡൻറായ ഇദ്ദേഹം ഐ.എസ്.സി മലയാള വിഭാഗത്തിെൻറയും എൻ.എസ്.എസിെൻറയും രക്ഷാധികാരിയുമായിരുന്നു. ദീർഘകാലം കൈരളി സലാലയുടെ കേന്ദ്ര കമ്മിറ്റി ട്രഷററും നേതാവുമായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ, മാനേജിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
സ്വദേശികളടക്കം വിപുലമായ സൗഹൃദ വലയത്തിനുടമയായിരുന്നു ഇദ്ദേഹം. ഈ ബന്ധം പലപ്പോഴും പ്രയാസത്തിലാകുന്ന പ്രവാസികൾക്ക് ഗുണം ചെയ്തിരുന്നു. സമൂഹത്തിലെ സാധാരണക്കാർ എന്തെങ്കിലും പ്രയാസം ഉണ്ടായാൽ ആദ്യം ബന്ധപ്പെട്ടിരുന്നത് ശശീന്ദ്രനെയായിരുന്നു. രോഗത്തിെൻറ പിടിയിലമർന്ന് പ്രയാസപ്പെട്ടിരുന്ന പരീതിനും ബാബുരാജിനും നാടണയാൻ ഇദ്ദേഹത്തിെൻറ ഇടപെടൽ വഴി സാധിച്ചു. സ്പോൺസറുമായി പ്രശ്നത്തിലായി നാട്ടിൽ പോകാൻ കാത്തിരിക്കുന്ന സിക്കിം സ്വദേശി സുനിതയുടെയും ജബലിൽ പെട്ടുപോയ തിരുവനന്തപുരം സ്വദേശി വാസുക്കുട്ടെൻറയും വിഷയങ്ങളിലാണ് ഇദ്ദേഹം ഇടപെടുന്നത്. ഭാര്യ ബേബിയും കഴിഞ്ഞ 23 വർഷമായി ഇദ്ദേഹത്തോടൊപ്പം സലാലയിലുണ്ട്. മകൾ സബിത ഭർത്താവ് സന്ദീപിനും മക്കൾക്കും ഒപ്പം സലാലയിലുണ്ട്. മകൻ ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്നു. കുറെ വർഷങ്ങളായി തൃശൂർ ജില്ലയിലെ തിരുവില്വാമലയിലാണ് താമസം. നവംബർ 15നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ഇദ്ദേഹവും ഭാര്യയും കൊച്ചിയിലേക്ക് തിരിക്കും.
വിവിധ സംഘടനകളും കൂട്ടായ്മകളും ഇദ്ദേഹത്തിന് യാത്രയയപ്പുകൾ നൽകിവരുകയാണ്. അൽബഹ്ജ ഹാളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം യാത്രയയപ്പ് നൽകി. മലയാള വിഭാഗം രക്ഷാധികാരി ഡോ. കെ. സനാതനൻ, ഡോ. തങ്കച്ചൻ, സിജോയ് (കൈരളി സലാല), കെ.പി. അർഷദ് (ഐ.എം.ഐ സലാല), റഷീദ് കൽപറ്റ (കെ.എം.സി.സി), ഹരികുമാർ (ഒ.ഐ.സി.സി), തഴവ രമേശ് (ഇന്ത്യൻ വെൽഫെയർ ഫോറം സലാല), റസൽ മുഹമ്മദ് (ടിസ), മണികണ്ഠൻ (എൻ.എസ്.എസ് സലാല), രമേശ് (എസ്.എൻ.ഡി.പി സലാല), സാഗർ അലി (യാസ്), സുരേഷ് വാസുദേവ് (വികാസ്), എ.പി കരുണൻ (സർഗവേദി), ആഷിഖ് (തണൽ), അമാനുല്ല (പി.സി.എഫ്), യു.എ. ലത്തീഫ്, സുരേഷ് മേനാൻ, ഡോ. നിഷ്താർ, ഹരിദാസ്, സുദർശനൻ, ഡോ. അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. മലയാളം വിഭാഗത്തിന് വേണ്ടി കൺവീനർ മോഹൻദാസ് തമ്പി ഉപഹാരം നൽകി. മറ്റു സംഘടനകളുടെ പ്രതിനിധികളും ഉപഹാരങ്ങൾ നൽകി. യു.പി ശശീന്ദ്രൻ മറുപടി പ്രസംഗം നടത്തി. കൺവീനർ മോഹൻദാസ് തമ്പി അധ്യക്ഷത വഹിച്ച പരിപാടിയിൽ കോ കൺവീനർ സണ്ണി ജേക്കബ് സ്വാഗതം പറഞ്ഞു. വെൽെഫയർ ഒരുക്കുന്ന യാത്രയയപ്പ് വ്യാഴാഴ്ച രാത്രി ഐ.എം.ഐ ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.