മസ്കത്ത്: ഒമാനിൽ പരമ്പരാഗതമായി അണിഞ്ഞ് വരുന്ന പ്രത്യേക ഇനം കത്തിയായ ഖഞ്ചറും വായ് വാദ്യ ഉപകരണമായ അൽഹിദയും യുനെസ്കോ സാംസ്കാരിക പൈതൃകപട്ടികയിൽ ഉൾപ്പെട്ടതിന് തൊട്ടുപിന്നാലെ ഒമാന്റെ അഭിമാന പായക്കപ്പലായ ഷബാബ് ഒമാനെയും പൈതൃകപട്ടികയിൽ ഉൾപ്പെടുത്താൻ നീക്കങ്ങൾ ആരംഭിച്ചു.
സമാധാനവും സ്നേഹവും പ്രചരിപ്പിക്കാൻ ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന കപ്പലാണ് ശബാബ് ഒമാൻ. ഈ മാസം ഒന്നിനാണ് ഖഞ്ചറും അൽഹിദയും യുനെസ്കോ പട്ടികയിൽ ഇടംപിടിച്ചതായി പ്രഖ്യാപനമുണ്ടായത്. മൊറോക്കോയിൽ നടന്ന യുനെസ്കോയുടെ ഈ വിഭാഗത്തിന്റെ 17 ാം സമ്മേളനത്തിലാണ് തീരുമാനമുണ്ടായത്. ഒട്ടകത്തെ മേക്കുന്നവർ അവയുമായി ആശയവിനിമയം നടത്താനുപയോഗിക്കുന്ന സംഗീതോപകരണമാണ് അൽഹിദ.
ഈ ഉപകരണത്തിന്റെ താളാത്മകമായ ശബ്ദം മരുഭൂമികളിലും പുൽമേടുകളിലും വെള്ളം കുടിക്കാനുമൊക്കെയായി ചിതറിക്കിടക്കുന്ന ഒട്ടകങ്ങളെ ഒരുമിച്ചുകൂട്ടാൻ സഹായിക്കും. അപകടകരമായ അവസ്ഥയുണ്ടാവുമ്പോൾ ഒട്ടകങ്ങളെ അടിയന്തരമായി ഒരുമിച്ചുകൂട്ടാനും അൽഹിദ ഉപയോഗിക്കുന്നുണ്ട്. ഒമാനിലെ 13 ഇനങ്ങൾ യുനെസ്കോ പൈതൃകപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സൗദി അറേബ്യയോടും യു.എ.ഇയോടും സഹകരിച്ചാണ് അൽഹിദ യുനെസ്കോക്ക് സമർപ്പിച്ചത്. ഒമാന്റെ ദേശീയ ചിഹ്നമായ ഖഞ്ചറിന് ഒമാന്റെ പാരമ്പര്യവും സംസ്കാരവുമായി ഏറെ ബന്ധമുണ്ട്. നൂറ്റാണ്ടുകളായി ഖഞ്ചർ ഒമാനികൾ ധരിച്ചുവരുന്നതായി ചരിത്രസത്യങ്ങളിൽനിന്ന് വ്യക്തമാണ്. അന്താരാഷ്ട്ര സാഹോദര്യവും സ്നേഹവും സമാധാനവും പ്രചരിപ്പിക്കാനായി ശബാബ് ഒമാൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.