രാജ്യത്തെ സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായപ്പോൾ - ഫോട്ടോ: വി.കെ. ഷെഫീർ
മസ്കത്ത്: മധ്യവേനൽ അവധിക്ക് ശേഷം രാജ്യത്തെ സ്വദേശി സ്കൂളുകളിൽ പുതിയ അധ്യായന വർഷത്തിന് തുടക്കമായി. വിവിധ ഗവർണറേറ്റുകളിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പരിപൂർണമായി ഒഴിഞ്ഞ ശേഷം അധ്യയനം സമ്പൂർണമായി ക്ലാസ് മുറികളിലേക്ക് മാറി എന്ന സവിശേഷതകൂടി ഇത്തവണയുണ്ട്. രാവിലെ തന്നെ കുട്ടികൾ ഉത്സാഹത്തോടെ സ്കൂളുകളിലെത്തി. പ്രത്യേക അസംബ്ലികളോടെയാണ് വിദ്യാര്‍ഥികളെ വിദ്യാലയങ്ങൾ വരവേറ്റത്.
മഹാമാരിയുടെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും നേരിട്ടുള്ള ക്ലാസുകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ, ഈ അധ്യയന വർഷംതൊട്ട് തങ്ങളുടെ പഴയകാലം തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. 1,422 സര്‍ക്കാര്‍ സ്കൂളുകളിലായി ഏഴരലക്ഷത്തിൽപരം വിദ്യാര്‍ഥികളാണ് വീണ്ടും പഠനമുറ്റത്തേക്കെത്തിയത്. മലയാളികളടക്കമുള്ള സ്വദേശി സ്കൂളുകളിലെ അധ്യാപകരും നീണ്ട വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് മടങ്ങിയെത്തിയിരുന്നു. 57,033 അധ്യാപകരാണ് ഈ അധ്യയന വർഷത്തിലുള്ളത്. ഇതിൽ 69.5 ശതമാനവും വനിത അധ്യാപകരാണ്; 39,637 പേർ. 17,396 പുരുഷ അധ്യാപകരാണുള്ളത്. ഇവർ കഴിഞ്ഞയാഴ്ചതന്നെ ജോലിയിൽ തിരിച്ചെത്തിയിരുന്നു.
സാമൂഹിക സുരക്ഷ വിദ്യാർഥികളുടെ സ്കൂൾ സാമഗ്രികൾക്കുള്ള സാമ്പത്തിക വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ മന്ത്രാലയം നേരത്തെ നിക്ഷേപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷക്കായി സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസ് മാർഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റോഡുകളിലും സ്കൂൾ പരിസരത്തുമായി റോയൽ ഒമാൻ പൊലീസ് കഴിഞ്ഞദിവസം നിരീക്ഷണം നടത്തിയിരുന്നു.
അർഹരായ വിദ്യാർഥികൾക്ക് സ്കൂൾ ആവശ്യങ്ങൾ ലഭ്യമാക്കാനുള്ള നിർദേശങ്ങൾ നൽകിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനി നന്ദി പറഞ്ഞു. അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർഥികളെയും അധ്യാപകരെയും അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫിനെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിക്കുകയും പുതിയ അധ്യാപകരെ സ്വാഗതം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.