മസ്കത്ത്: ഒമാനിലെ പ്രശസ്തമായ ചരിത്ര സ്മാരകങ്ങളിൽ ഒന്നായ സമാഈൽ കോട്ട താൽക്കാലികമായി അടച്ചിടാൻ ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. ഞായറാഴ്ച മുതൽ കോട്ടയിലേക്ക് പ്രവേശനം നിരോധിച്ചതായി അധികൃതർ അറിയിച്ചു. പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.
കോട്ട അടച്ചിട്ടിരിക്കുന്ന കാലയളവിൽ വിനോദസഞ്ചാര പദ്ധതികളിലോ യാത്രാ വിവരങ്ങളിലോ സമാഈൽ കോട്ട സന്ദർശനം ഉൾപ്പെടുത്തരുതെന്ന് വിനോദസഞ്ചാരികൾക്കും ടൂറിസം കമ്പനികൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും മന്ത്രാലയം കർശന നിർദേശം നൽകി. ഒമാന്റെ വാസ്തുവിദ്യാ-സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് സമാഈൽ കോട്ട. രാജ്യത്തിന്റെ പൈതൃകം അടുത്തറിയാൻ താൽപര്യപ്പെടുന്ന ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈ കോട്ട ദാഖിലിയ്യ ഗവർണറേറ്റിലെ സമാഈൽ വിലായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് നിസ്‌വയിലേക്കുള്ള പ്രധാന പാതക്ക് സമീപമാണ് ചരിത്രപ്രസിദ്ധമായ സമാഈൽ കോട്ടയുള്ളത്. വിശാലമായ ഈന്തപ്പനത്തോട്ടങ്ങൾക്കും പർവതനിരകൾക്കും നടുവിലാണ് പ്രകൃതിഭംഗിയുള്ള ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സമാഇൽ കോട്ടയുടെ ഭരണപരമായ മേൽനോട്ടവും വികസനവും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഒമാൻ സർക്കാർ മുൻകൈയെടുത്തിരുന്നു. ഇതിനായി ‘റവാഫിദ് സമൈൽ ഇന്റർനാഷണൽ’ എന്ന കമ്പനിയുമായി പൈതൃക-ടൂറിസം മന്ത്രാലയം കരാർ ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.