1. 1994 ലോകകപ്പിൽ സഈദ് അൽ ഒവൈറാന്റെ ഗോൾ ആഘോഷം, 2. മുഹമ്മദ് സുൽ അമീൻ, മുലദ്ദ ( ലേഖനം തയ്യാറാക്കിയത്)
ഒരൊറ്റ പന്തിനു ചുറ്റും നാമെല്ലാവരും കുട്ടികളാകുന്നു....
സൗഹൃദത്തിന്റെയും ആവേശത്തിന്റെയും നിരാശയുടെയും അതിലുപരി സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെ മനോഹരമായ ഒരു സമ്മിശ്രണമാണ് കാൽപന്തുകളി . ഒരു ഗോള് മതി ലക്ഷക്കണക്കിന് ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിക്കാൻ. യുഎസ് 1994 ലോകകപ്പ് മുതൽ ജർമ്മൻ ടീമിന്റെ ആരാധകനാണ് ഞാൻ. എന്തോ വല്ലാത്തൊരു ഇഷ്ടമായിരുന്നു ഈ ടീമിനോട്. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. എന്നാൽ യുഎസ് ലോകകപ്പിൽ വിസ്മയിപ്പിച്ചത് ഏതെങ്കിലും ഒരു ജർമ്മൻ താരം നേടിയ ഗോൾ ആയിരുന്നില്ല. മറിച്ച് സൗദി അറേബ്യയുടെ സഈദ് അൽ ഒവൈറാൻ നേടിയ ആ അവിസ്മരണീയ ഒറ്റയാൾ ഗോളാണ്.
1994 ജൂൺ 29, വാഷിംഗ്ടണിലെ ആർ.എഫ്.കെ സ്റ്റേഡിയം. ബെൽജിയത്തിനെതിരെ മധ്യനിരയിൽ നിന്ന് പന്ത് സ്വീകരിച്ച അൽ-ഒവൈറാൻ 70 മീറ്റർ ദൂരം ഒറ്റക്ക് ഡ്രിബിൾ ചെയ്തു. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ച്, ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ തൊടുത്ത ആ ഗോൾ ഫിഫയുടെ ‘നൂറ്റാണ്ടിന്റെ ഗോൾ’ പട്ടികയിൽ ആറാം സ്ഥാനം നേടി. ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തിയ സൗദി അറേബ്യക്ക് അത് ചരിത്ര നിമിഷമായിരുന്നു.
ഇത് എഴുതുന്ന സമയത്തും അന്ന് ആ ഗോൾ കണ്ടതിന്റെ ആവേശം ഇപ്പോഴും അതേപോലെ നിലനിൽക്കുന്നു. ചിലപ്പോഴൊക്കെ ഫുട്ബോൾ ഒരു ടീം വർക്കിന്റെ മാത്രം കഥയല്ല. ഒരു വ്യക്തിയുടെ തിളക്കവും മാന്ത്രികതയും കൂടിയാണ്. ജർമനി ആ ടൂർണമെന്റിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. എന്റെ പ്രിയപ്പെട്ട നായകൻ യൂർഗൻ ക്ലിൻസ്മാൻ അഞ്ച് ഗോളുകൾ നേടി ടീമിനെ നയിച്ചു. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയോട് തോറ്റെങ്കിലും, ജർമനിയുടെ “ഫൈറ്റിങ് സ്പിരിറ്റ്” ഉയർത്തി കാണിച്ച് സുഹൃത്തുക്കളോട് തർക്കിച്ച ദിനങ്ങൾ.
വർഷങ്ങൾ മാറിമറിഞ്ഞു. ക്ലോസെ എന്ന പുതിയ ഹീറോ ഫുട്‌ബാൾ ചരിത്രത്തിന്റെ മഹാപുസ്തകത്തിൽ സ്വർണാക്ഷരങ്ങളിൽ 16 ഗോളുകൾ കൊത്തിവെച്ചു. ഈ ലോകകപ്പിൽ ആ റെക്കോർഡ് മെസ്സിയും എംബാപ്പെയും മറികടന്നു. ജർമൻ ഫുട്‌ബാളിന്റെ പ്രതീകമായ ബയേൺ മ്യൂണിക്ക് എന്നും എനിക്ക് പ്രിയപ്പെട്ട ക്ലബ്ബാണ്. ക്ലിൻസ്മാൻ പിന്നീട് ബയേണിന്റെ ജഴ്സിയണിഞ്ഞ് ബുണ്ടസ്‍ലിഗയിലും യൂറോപ്പിലും തിളങ്ങിയത് വലിയ സന്തോഷമായിരുന്നു.
കാലം മാറിക്കൊണ്ടിരിക്കും, പുതിയ ഹീറോകൾ വരും. അവർ നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും. ഒരൊറ്റ പന്തിന്റെ ചുറ്റും നാം എല്ലാവരും കുട്ടികളാകുന്നു...സ്വപ്നങ്ങൾക്ക് പ്രായമില്ല, ആവേശത്തിന് അതിർവരമ്പുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.