പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാടും ഫീസ് വർധനവും കേന്ദ്രസർക്കാർ പിൻവലിക്കണം: സലാല കെ.എം.സി.സി

സലാല: ഇന്ത്യൻ പാസ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിവാദ നിലപാടും പാസ്പോർട്ട് അപേക്ഷ-പുതുക്കൽ ഫീസുകൾ കുത്തനെ വർധിപ്പിച്ച നടപടിയും അടിയന്തരമായി പിൻവലിക്കണമെന്ന് സലാല കെ.എം.സി.സി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ പാസ്പോർട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അത് പൗരത്വത്തിനുള്ള തെളിവല്ലെന്നുമുള്ള മന്ത്രാലയത്തിന്റെ നിലപാട് ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിനിടയിലും രാജ്യത്തിനകത്തും കടുത്ത ആശങ്കയും ഉൽകണ്ഠയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഠിനമായ പ്രവാസ ജീവിതത്തിനിടയിലും മാതൃരാജ്യത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന കോടിക്കണക്കിന് വരുന്ന പ്രവാസികളുടെ അന്തസ്സിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ നിലപാട്.

ഒരു പൗരന് പാസ്പോർട്ട് അനുവദിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയുള്ള കടുത്ത പൊലീസ് വേരിഫിക്കേഷനും സൂക്ഷ്മ പരിശോധനകൾക്കും ശേഷമാണ്. അപേക്ഷകന്റെ ദേശീയതയും പൗരത്വ മാനദണ്ഡങ്ങളും പൂർണമായി ഉറപ്പുവരുത്തിയ ശേഷം നൽകുന്ന ഔദ്യോഗിക രേഖ പൗരത്വത്തിന്റെ തെളിവല്ലെന്ന് പറയുന്നത് പൗരന്മാരെ കടുത്ത നിയമപരമായ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിടലാകും. പാസ്പോർട്ടിന്റെ നിയമപരമായ വിശുദ്ധി കാത്തുസൂക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.

ഗൾഫ് മേഖലകളിലും പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണ്. വിമാന കമ്പനികളുടെ അമിത ടിക്കറ്റ് ചാർജ് താങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് കിട്ടിയ ഇരുട്ടടിയാണ് ഈ ഫീസ് വർധനവ്. ജോലി തേടി മറുനാടുകളിലേക്ക് പോകാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കും നിർധനരായ യുവാക്കൾക്കും ഇത് വലിയ സാമ്പത്തിക ഭാരമാകും.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് മേഖല ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളെ ഈ വർധനവ് കടുത്ത പ്രതിസന്ധിയിലാക്കും. സാധാരണക്കാരന് താങ്ങാൻ കഴിയുന്ന രീതിയിൽ കുറഞ്ഞ ചെലവിൽ പാസ്പോർട്ട് ലഭ്യമാക്കാനും പുതുക്കിയ ഫീസ് വർദ്ധനവ് പൂർണ്ണമായി പിൻവലിക്കാനും സർക്കാർ തയാറാകണം.

പ്രവാസി സമൂഹത്തിന്റെ ഈ വലിയ ആശങ്കകൾ ഉൾക്കൊണ്ട് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും പാർലമെന്റിൽ ശബ്ദമുയർത്തുകയും ചെയ്ത എം.പി അബ്ദുസ്സമദ് സമദാനിയുടെ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്ന് സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി അബ്ദുൽ സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപറ്റയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - The Central Government must withdraw its stance that the passport is not a proof of citizenship, along with the fee hike: Salalah KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.