ഒമാനിലെ നാലു വയസുകാരിയുടെ മരണം: അപകടത്തിനിടയാക്കിയത് വൈഫൈ കണക്ഷനുവേണ്ടി ജനലിലെ നെറ്റിലുണ്ടാക്കിയ ദ്വാരം !

മസ്കത്ത്: ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിൽനിന്നു വീണുമരിച്ച സംഭവത്തിനിടയാക്കിയത് ഒരു ചെറിയ അശ്രദ്ധയായിരുന്നു. വൈഫൈ കണക്ഷനുവേണ്ടി ജനലിലെ നെറ്റിൽ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെയാണ് മരണപ്പെട്ട ദക്ഷ പ്രദീപ് എന്ന ബാലിക കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് വീണത്. അപകട മരണത്തിന്റെ വാർത്തയറിഞ്ഞതു മുതൽ പ്രവാസി മലയാളികൾക്കും അതു തീരാ നൊമ്പരമായി.

റുസൈൽ മവേലയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയു​ടെയും മകൾ ദക്ഷ പ്രദീപ് (നാല്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. ദമ്പതികളുടെ ഏക മകളാണ് ദക്ഷ. കഴിഞ്ഞ മാർച്ച് 23 നായിരുന്നു ദക്ഷയുടെ പിറന്നാൾ. സന്തോഷത്തിൽ കഴിഞ്ഞ കുടുംബത്തിലേക്ക് ഒരു നിമിഷത്തെ അശ്രദ്ധ തീരാസങ്കടം തീർത്ത നോവിൽ നെഞ്ചുനീറി പിടയുകയാണ് മാതാപിതാക്കളായ പ്രദീപും ദിവ്യയും.

അപകടത്തിനിടയാക്കിയ ജനലിലെ ദ്വാരം

 

കുട്ടിയെ ബെഡ്റൂമിൽ തനിച്ചുകിടത്തി അമ്മ ദിവ്യ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പ്രദീപ് ജോലിചെയ്യുന്ന സൂപ്പർ മാർക്കറ്റിലേക്ക് പോയതായിരുന്നു. കെട്ടിടത്തിന്റെ സമീപത്തുതന്നെയാണ് സൂപ്പർമാർക്കറ്റും സ്ഥിതിചെയ്യുന്നത്. എന്നാൽ, ഉറക്കമുണർന്ന കുഞ്ഞ് അമ്മയെ കാണാത്തതിന്റെ ​വെപ്രാളത്തിൽ ജനലിലെ നെറ്റിലെ വിടവിലൂടെ പുറത്തുനോക്കാൻ ശ്രമിച്ചത് അപകടത്തിനിടയാക്കിയതാകുമെന്ന് കരുതുന്നു.

തിരിച്ച് വീട്ടിലെത്തിയ അമ്മ കുട്ടിയെ കാണാഞ്ഞ് തിരക്കുന്നതിനിടയിലാണ് സമീപത്തെ കടയിലുള്ളവർ സംഭവം ശ്രദ്ധയിൽ​പെടുത്തിയത്. താഴെ തറയിലേക്കായിരുന്ന വീഴ്ചയെന്നതിനാൽ മരണം തൽക്ഷണം സംഭവിച്ചിരുന്നു. ഉടൻ റോയൽ ഒമാൻ പൊലീസിൽ വിവരമറിയിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. അച്ഛനെ കാണാൻ അമ്മ​യുടെ കൈപിടിച്ച് സന്തോഷ​ത്തോടെ മസ്കത്തിൽ വിമാനമിറങ്ങിയ കുഞ്ഞ് ചേതനയറ്റ് മടങ്ങേണ്ടിവരുന്ന സങ്കടവാർത്ത പ്രവാസികളെയും കണ്ണീരണിയിക്കുന്നതാണ്.

Tags:    
News Summary - The accident was caused by a hole made in the window net for a Wi-Fi connection!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.